
മുതിർന്ന നേതാക്കളെ വെട്ടിനിരത്തുന്ന സി.പി.എം ഔദ്യോഗിക നേതൃത്വത്തിന്റെ നയത്തിനെതിരെ പരസ്യമായി വെല്ലുവിളിയുയർത്തി മുതിർന്ന നേതാവ് ജി. സുധാകരൻ രംഗത്ത്. പാർട്ടി ഏർപ്പെടുത്തിയ മാനദണ്ഡങ്ങളുടെ പേരിൽ തന്നെ ഒതുക്കാൻ ശ്രമിക്കുന്ന നേതൃത്വത്തോട് വിട്ടുവീഴ്ചയില്ലെന്ന കർക്കശ നിലപാടിലാണ് സുധാകരൻ. ഇന്ന് രാവിലെ 11 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കാണുന്നതോടെ സി.പി.എമ്മിനുള്ളിലെ പുകച്ചിൽ വലിയൊരു പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് സൂചന. അവസാനവട്ട അനുനയ ചർച്ചകളുമായി വീട്ടിലെത്തിയ നേതാക്കളോട് തന്റെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു.
മത്സരിക്കാനുള്ള തന്റെ താല്പര്യം അറിയിച്ചിട്ടും ‘മാനദണ്ഡം’ പറഞ്ഞ് തന്നെ തഴഞ്ഞ നേതൃത്വത്തിന്റെ നടപടിയോട് സന്ധിചെയ്യാൻ സുധാകരൻ തയ്യാറല്ല. താൻ രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നുമുള്ള സൂചനകളാണ് സുധാകരൻ നൽകുന്നത്. പാർട്ടിയിലെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെയുള്ള ഒരു തുറന്ന യുദ്ധത്തിനാണ് അമ്പലപ്പുഴ സാക്ഷ്യം വഹിക്കാൻ പോകുന്നത്. 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായാൽ അത് സി.പി.എമ്മിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും.
സുധാകരന്റെ നീക്കത്തിൽ പകച്ചുനിൽക്കുന്ന ജില്ലാ നേതൃത്വം അടിയന്തിരമായി യോഗം ചേർന്ന് അണികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. സുധാകരൻ സ്വതന്ത്രനായി രംഗത്തിറങ്ങിയാൽ പാർട്ടി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാകുമെന്ന് സി.പി.എം ഭയക്കുന്നു. കീഴ്ഘടകങ്ങളിൽ വിശദീകരണം നൽകി അണികളെ പിടിച്ചുനിർത്താനുള്ള നെട്ടോട്ടത്തിലാണ് നേതൃത്വം ഇപ്പോൾ. ഇന്നലെ രാത്രി വൈകി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സുധാകരന്റെ നീക്കങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക കർമ്മപദ്ധതി തന്നെ പാർട്ടി തയ്യാറാക്കിയിട്ടുണ്ട്.