
സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിലും എൽ.ഡി.എഫിലും ഭിന്നത പരസ്യമാകുന്നു. മന്ത്രി പി. പ്രസാദിനെതിരെ ചേർത്തല മണ്ഡലത്തിൽ നേരിട്ടെത്തി പ്രചാരണം നടത്തുമെന്ന് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ പ്രഖ്യാപിച്ചു. തന്നെ അനാവശ്യമായി പ്രകോപിപ്പിച്ച പ്രസാദിനെ ചേർത്തലയിൽ തോൽപ്പിക്കണമെന്ന് പറയാൻ തനിക്ക് അവകാശമുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. രാഷ്ട്രീയ ക്രിമിനലുകളെ സുഖിപ്പിക്കാനാണ് പ്രസാദ് തനിക്കെതിരെ പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയം ഇത്തവണ തുലാസിലാണെന്നും സുധാകരൻ പരിഹസിച്ചു.
പാർട്ടിയിലെ പാർലമെന്ററി വ്യാമോഹത്തെക്കുറിച്ചും സുധാകരൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. തനിക്ക് പാർലമെന്ററി വ്യാമോഹമുണ്ടെന്ന് ആരോപിക്കുന്നവർ നിലവിലെ ജനപ്രതിനിധികളുടെ കാര്യം കാണുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സജി ചെറിയാൻ, വി.എൻ. വാസവൻ, യു. പ്രതിഭ എന്നിവർ മൂന്നാം തവണയും മത്സരിക്കുന്നത് പാർലമെന്ററി വ്യാമോഹമല്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം. എ.എം. ആരിഫ് ആറാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് മികച്ച നേതാക്കളെയാണ് പാർട്ടി സഭകളിലേക്ക് അയച്ചിരുന്നതെന്നും എന്നാൽ നിലവിലെ നിയമസഭയിൽ ശ്രദ്ധേയമായ ഒരു പ്രസംഗം പോലും നടത്താൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സിപിഎമ്മിനുള്ളിലെ ഏകാധിപത്യ പ്രവണതകളെയും രാഷ്ട്രീയ ക്രിമിനലിസത്തെയും പരോക്ഷമായി വിമർശിച്ച സുധാകരൻ, താൻ ഒന്നിനും പോകാതെ മാറിനിൽക്കുകയായിരുന്നുവെന്നും എന്നാൽ തന്നെ നിർബന്ധിച്ച് പ്രതികരിപ്പിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. എകെജി മരണം വരെ എംപിയായിരുന്നുവെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നവർക്ക് പാർട്ടി ചരിത്രം അറിയില്ലെന്നും കൂട്ടിച്ചേർത്തു. സുധാകരന്റെ ഈ തുറന്നുപറച്ചിലുകൾ ആലപ്പുഴയിലെയും കേരളത്തിലെയും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.