ബാബറി മസ്ജിദ് കേസ് വിധി : ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് ജി.ദേവരാജന്‍

Jaihind News Bureau
Wednesday, September 30, 2020

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെവിട്ട സിബിഐ കോടതിയുടെ തീരുമാനം നീതിന്യായ വ്യവസ്ഥിതിക്കേറ്റ തീരാകളങ്കമാണെന്നും സത്യത്തിനു നിരക്കാത്ത ഇത്തരം വിധി പ്രസ്താവങ്ങള്‍ മൂലം ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ അഭിപ്രായപ്പെട്ടു.

ബാബറി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ വ്യക്തമായ ആസൂത്രണം ഉണ്ടായിരുന്നെന്നും അതൊരു ക്രിമിനല്‍ കുറ്റമാണെന്നും ലിബര്‍ഹാന്‍ കമ്മീഷനും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടും അത് കണക്കിലെടുക്കാത്ത സിബിഐ കോടതിയുടെ നിലപാട് ദുരൂഹമാണ്. പകല്‍ വെളിച്ചത്തില്‍ ലോകം മുഴുവന്‍ തത്സമയം കണ്ടതും അദ്വാനിയുടെ രഥയാത്രയില്‍ രാജ്യമാസകലം പ്രസംഗിച്ചതും പള്ളി തകര്‍ക്കണമെന്ന് തന്നെയായിരുന്നു. ‘ഓര്‍ ഏക്‌ ധാക്കാ ദോ’ (ഒരു തള്ളു കൂടി നല്‍കുക) എന്ന് ഉമാഭാരതിയും വിനയ് കത്യാരും കര്‍സേവകരെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്നും മതനിരപേക്ഷ മനസ്സുകളില്‍ മായാതെ നില്‍ക്കുന്നുണ്ട്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ തകര്‍ന്നതാണ് ബാബറി മസ്ജിദ് എന്ന സിബിഐ കോടതിയുടെ നിരീക്ഷണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ്.

ജനാധിപത്യ മര്യാദകളെ തമസ്കരിച്ച്, പ്രതിപക്ഷ ശബ്ദങ്ങളെ അവഗണിച്ചുകൊണ്ട് പാര്‍ലമെന്‍റില്‍ നിയമനിര്‍മ്മാണം നടക്കുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ജുഡീഷ്യറിയും ഭരണകൂടത്തിനു കീഴ്പ്പെടുന്നൂവെന്ന തോന്നല്‍, ജനാധിപത്യത്തിന്‍റെ അന്ത്യവും രാജ്യത്ത് ഫാസിസം സ്ഥാപിതമായി എന്നുള്ളതിന്‍റെ വിളംബരവുമാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.