ചാര സോഫ്റ്റ്‌വെയറായ പെഗസാസ് വഴി ജനാധിപത്യത്തിന്‍റെ നാലു സ്തംഭങ്ങളിലും പെടുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി, സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച സംഭവം സര്‍ക്കാര്‍ നടത്തുന്ന രാജ്യദ്രോഹമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍
ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നത് വാസ്തവ വിരുദ്ധമാണ്. സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതനുസരിച്ചു മാത്രം നിര്‍മ്മിക്കുന്നതാണ് പെഗസാസ് സോഫ്റ്റ്‌വെയര്‍ എന്ന് അതിന്‍റെ നിര്‍മ്മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍.എസ്.ഓ. വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഇന്ത്യയിലെ മന്ത്രിമാരുടെയും, എം.പി മാരുടെയും സുപ്രീംകോടതി ജഡ്ജിയുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സ്വകാര്യ ഫോണ്‍ വിവരങ്ങള്‍ ഏതു വിദേശ സര്‍ക്കാരാണ് ചോര്‍ത്തിയതെന്നു സര്‍ക്കാര്‍ അന്വേഷിച്ചു വ്യകതമാക്കേണ്ടി വരും. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടികളെ നിരന്തരം വിമര്‍ശിച്ച് തൂലിക ചലിപ്പിച്ച മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പരുകളാണ് ഇപ്പോള്‍ ചോര്‍ത്തലിനു വിധേയമായിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇതൊരു സര്‍ക്കാര്‍ പ്രതികാര നടപടിയാണെന്ന് വ്യക്തമാണ്.
സ്വന്തം നിഴലിനെപ്പോലും സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നവരാണ് ഏകാധിപതികളായ ഭരണാധികാരികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തരമന്ത്രി അമിത് ഷായും സ്വന്തം പാളയത്തിലുള്ളവരെപ്പോലും ഭയപ്പെടുന്നൂവെന്നതിന്‍റെ തെളിവാണ് മന്ത്രിമാരുടെയും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ്സിന്‍റെ നേതാക്കളുടെയും ഫോണുകള്‍ പോലും നിരീക്ഷണ വിധേയമാക്കിയിരിക്കുന്നു എന്നതിലൂടെ വെളിവാകുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും മൗലികാവകാശങ്ങളുടെയും മേല്‍ കടന്നുകയറാനുള്ള സര്‍ക്കാര്‍ നീക്കം ഫാസിസത്തിന്‍റെ ലക്ഷണമാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.