ഇന്ത്യ- കാനഡ ബന്ധം ഇനി ഏതു വഴി ? കാര്‍നിയുടെ വിജയവും ഖലിസ്ഥാന്‍ കക്ഷിയുടെ പരാജയവും നല്‍കുന്ന സൂചനകള്‍

Jaihind News Bureau
Tuesday, April 29, 2025

കാനഡയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിക്ക് അപ്രതീക്ഷിത വിജയമാണ് ഉണ്ടായിരിക്കുന്നത് . ട്രൂഡോയ്ക്ക് പിന്‍ഗാമിയായി മാര്‍ക്ക് കാര്‍ണി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമ്പോള്‍, ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ എന്തു മാറ്റമാണ് ഉണ്ടാവുക. അഥവാ കാനഡയുമായി കലങ്ങിമറിഞ്ഞ ബന്ധം തെളിയുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ട്രംപിന്റെ വരവോടെ മാറിമറിയുന്ന ലോകരാഷ്ട്രീയ ബന്ധങ്ങളില്‍ ഇന്ത്യാ കാനഡ ബന്ധത്തിന്റെ ഭാവി എങ്ങിയാണ് നിര്‍ണ്ണയിക്കപ്പെടുക. ഇതൊക്കെ പ്രസക്തമായ ചോദ്യങ്ങളാണ്.

ഖലിസ്ഥാന്‍ അനുകൂലിയെന്ന് അറിയപ്പെടുന്ന ജഗ്മീത് സിംഗിന്റെ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) പിന്തുണയെ ആശ്രയിച്ചായിരുന്നു ട്രൂഡോയുടെ ഭരണം. ഇത് ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതില്‍ ഒരു പങ്കുവഹിച്ചതായി കണക്കാക്കപ്പെടുന്നു. എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ ജഗ്മീത് സിംഗിനുണ്ടായ പരാജയവും അദ്ദേഹം എന്‍ഡിപി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതും ഇന്ത്യ-കാനഡ ബന്ധത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ കാനഡയിലേക്ക് തിരികെ നിയമിക്കുന്ന കാര്യം ഇന്ത്യ ഇതിനകം പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലത്ത് ഏറെ വഷളായ ഇന്ത്യ-കാനഡ ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കാര്‍ണിയുടെ നേതൃത്വം ഊര്‍ജ്ജം പകരുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ട്രൂഡോയുടെ കാലത്ത്, ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലെത്തിയിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കല്‍, വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കല്‍, ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ എന്നിവയെല്ലാം ഈ അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി.


എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോലും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള താല്‍പ്പര്യം മാര്‍ക്ക് കാര്‍ണി പ്രകടിപ്പിച്ചിരുന്നു. ഈ മാസം ആദ്യം രാമനവമി ആഘോഷങ്ങളില്‍ ഹിന്ദു സമൂഹത്തോടൊപ്പം അദ്ദേഹം പങ്കെടുത്തത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നല്‍കിയ അഭിമുഖത്തില്‍, ‘വ്യക്തിപരവും സാമ്പത്തികവും തന്ത്രപരവുമായ നിരവധി തലങ്ങളില്‍ ഇന്ത്യ-കാനഡ ബന്ധം അവിശ്വസനീയമാംവിധം പ്രധാനപ്പെട്ടതാണ്’ എന്ന് കാര്‍ണി ഊന്നിപ്പറഞ്ഞിരുന്നു.

ട്രൂഡോയില്‍ നിന്ന് വ്യത്യസ്തമായി, നിജ്ജാര്‍ വധം പോലുള്ള മുന്‍കാല പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, പരസ്പര ബഹുമാനത്തോടെ ബന്ധത്തിലെ വിള്ളലുകള്‍ പരിഹരിക്കാനാകും എന്നാണ് കാര്‍ണി സൂചിപ്പിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണികളും കാനഡയെ 51-ാമത്തെ അമേരിക്കന്‍ സംസ്ഥാനമാക്കുമെന്ന പ്രസ്താവനയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പുതിയ സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും കണ്ടെത്തേണ്ടതിന്റെ ആവശ്യകത കാര്‍ണി തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രാധാന്യം വര്‍ധിക്കുന്നത്. എന്നാല്‍ കാനഡയുടെ സാമ്പത്തിക രംഗം പുനര്‍നിര്‍മ്മിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്നും, വിദേശനയത്തേക്കാള്‍ ആഭ്യന്തര വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണര്‍ കൂടിയായ കാര്‍ണി സൂചന നല്‍കിയിട്ടുണ്ട്.

കാനഡയുടെ ജനസംഖ്യയുടെ മൂന്നു ശതമാനത്തിലധികം പ്രവാസികള്‍ ഉള്‍പ്പെട്ട ഇന്ത്യാക്കാരാണ് . കൂടാതെ, 4,27,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കാനഡയില്‍ പഠിക്കുന്നു. നയതന്ത്ര തലത്തിലെ പ്രശ്‌നങ്ങള്‍ക്കിടയിലും, 2023-ല്‍ ഉഭയകക്ഷി വ്യാപാരം ഏകദേശം 8300 കോടി രൂപയില്‍ എത്തിയിരുന്നു. എന്നാല്‍, നയതന്ത്ര തര്‍ക്കങ്ങളെത്തുടര്‍ന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) സംബന്ധിച്ച ചര്‍ച്ചകള്‍ നിലച്ചത് തിരിച്ചടിയായി. ട്രൂഡോയുടെ ഏറ്റുമുട്ടല്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കാര്‍ണി സ്വീകരിക്കുന്ന അനുനയ സമീപനം, ഈ വ്യാപാര കരാര്‍ പുനരുജ്ജീവിപ്പിക്കാനും ഇന്ത്യ-കാനഡ ബന്ധം പുനര്‍രൂപകല്‍പ്പന ചെയ്യാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.