സിപിഎമ്മില്‍ ഫണ്ട് വിവാദം പുകയുന്നു; ആറ് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

Jaihind Webdesk
Saturday, June 4, 2022

 

കണ്ണൂർ : സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ ഫണ്ട് വിവാദം പുകയുന്നു. ടി.ഐ മധുസൂദനൻ എംഎൽഎ ഉൾപ്പടെ ആറ് സിപിഎം നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫണ്ട് വിവാദത്തിൽ അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് നോട്ടീസ്. ഫണ്ട് വിവാദത്തിൽ നടപടി എടുക്കാനാരുങ്ങി ജില്ലാ നേതൃത്വം.

സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റിയിലെ രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഉയർന്നുവന്ന വിവാദങ്ങളിൽ നിന്ന് തലയൂരാനുള്ള നേതൃത്വത്തിന്‍റെ നടപടി യുടെ ഭാഗമായാണ് പയ്യന്നൂരിലെ പാർട്ടി നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെ.കെ ഗംഗാധരൻ, ഓഫീസ് സെക്രട്ടറി കരിവെള്ളൂർ കരുണാകരൻ, മുൻ ഏരിയാ സെക്രട്ടറി കെ.പി മധു, ഫ്രാക്ഷൻ അംഗം സജീവ് എന്നിവരിൽ നിന്ന് വിശദീകരണം തേടാനാണ് ജില്ലാ കമ്മിറ്റി തീരുമാനം.

ഫണ്ട് വിവാദത്തിൽ അച്ചടക്ക നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് നോട്ടീസ്. നോട്ടീസ് കൈപ്പറ്റിയവരിൽ നിന്ന് വിശദീകരണം ലഭിച്ച ശേഷം ഈ മാസം 12 ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇവരുടെ മറുപടി ചർച്ച ചെയ്ത് അച്ചടക്ക ലംഘനത്തിന് നേതാക്കൾക്ക് എതിരെ നടപടി ഉണ്ടായേക്കും. വിവാദത്തിൽ ചില നേതാക്കളെ സംരക്ഷിക്കുന്ന പാർട്ടി ജില്ലാ നേതൃത്വത്തിന്‍റെ നിലപാടിനെതിരെ അണികൾക്ക് ഇടയിൽ അമർഷം പുകയുന്നതിനിടയിലാണ് പാർട്ടി നേതൃത്വം അച്ചടക്ക നടപടിയുടെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകാൻ നിർബന്ധിതരായത്.