തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്ത്. പി.വി. അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം,അജിത്കുമാറിനെ വെള്ളപൂശുന്ന ഈ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി തള്ളിയിരുന്നു.
അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളില്‍ വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റാണ് അന്വേഷണം നടത്തിയത്. മലപ്പുറത്തെ എസ്.പി. ഓഫീസില്‍ നിന്ന് തേക്ക് മരം മുറിച്ചു കടത്തിയെന്ന ആരോപണം, മറുനാടന്‍ മലയാളി ചാനല്‍ ഉടമയായ ഷാജന്‍ സ്‌കറിയയുമായുള്ള പണമിടപാട്, കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം, സ്വര്‍ണ്ണക്കടത്ത് കേസിലെ പങ്കാളിത്തം തുടങ്ങിയ വിവിധ ആരോപണങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെട്ടത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അജിത് കുമാര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും, വീട് നിര്‍മ്മാണത്തിന് കൃത്യമായ ബാങ്ക് രേഖകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണങ്ങള്‍ ഉന്നയിച്ച പി.വി. അന്‍വറിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും എല്ലാ ആരോപണങ്ങളും വാസ്തവവിരുദ്ധമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എല്ലാ ആരോപണങ്ങളില്‍ നിന്നും എം.ആര്‍. അജിത് കുമാറിനെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഈ റിപ്പോര്‍ട്ട്, നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്. അജിത് കുമാറിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയതെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ട് കോടതി തള്ളിയത്. കോടതിയുടെ ഈ നടപടി, റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയെന്ന് കോടതിയില്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ ഇടപെടലിനെതിരെയും കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണത്തില്‍ രാഷ്ട്രീയ എക്‌സിക്യൂട്ടീവിന് ഒരു പങ്കുമില്ലെന്ന കോടതിയുടെ പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.