മുല്ല ഒമർ താമസിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക കേന്ദ്രത്തിന്‍റെ തൊട്ടടുത്ത്

Jaihind Webdesk
Monday, March 11, 2019

താലിബാൻ നേതാവായിരുന്ന മുല്ല ഒമർ താമസിച്ചിരുന്നത് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക കേന്ദ്രത്തിന്‍റെ തൊട്ടടുത്തായിരുന്നെന്ന് വെളിപ്പെടുത്തൽ. ഡച്ച് മാധ്യമപ്രവർത്തകയായ ബെറ്റെ ഡാം രചിച്ച ‘സെർച്ചിംഗ് ഫോർ ദ എനിമി’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്.

2006 മുതൽ അഞ്ച് വർഷത്തോളം അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് ബെറ്റെ ഡാം പ്രവർത്തിച്ചിരുന്നു.  അമേരിക്കൻ കമാൻഡോകൾ ഒരു തവണ വളഞ്ഞ് പരിശോധിച്ചെങ്കിലും രഹസ്യ മുറിയിലായിരുന്ന മുല്ല ഒമറിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് സാബുൾ പ്രവിശ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിൽ നിന്ന് മൂന്നു മൈൽ അകലെയുള്ള കെട്ടിടത്തിലേക്ക് മുല്ല ഒമർ താമസം മാറി. മുല്ല ഒമർ ഒരിക്കലും പാകിസ്ഥാനിൽ ഒളിച്ച് താമസിച്ചിട്ടില്ലെന്നും പുസ്തകത്തിൽ പറയുന്നു.

2001 സെപ്റ്റംബർ വേൾഡ് ട്രേഡ് സെൻറർ ആക്രമണമാണ് അഫ്ഗാൻ അധിനിവേശത്തിലേക്ക് അമേരിക്കയെ നയിച്ചത്. അന്നുമുതൽ ഒളിവിൽ കഴിഞ്ഞ മുല്ല ഉമറിൻറെ തലയ്ക്ക് 10 ദശലക്ഷം ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇയാൾ പാകിസ്ഥാനിൽ ഉണ്ടായിരുന്നതെന്നും പിന്നീട് അവിടെത്തന്നെ മരണപ്പെട്ടുവെന്നുമായിരുന്നു അമേരിക്കയുടെ വാദം.ബിബിസിയുടെ അഫ്ഗാനി ഭാഷയിലെ സംപ്രേക്ഷണങ്ങൾ ഒമർ സ്ഥിരമായി കേട്ടിരുന്നതായി താലിബാൻറെ നേതാവിൻറെ അംഗരക്ഷകനായിരുന്ന ജബ്ബാർ ഒമാരിയെ ഉദ്ധരിച്ച് ബെറ്റെ ഡാം പറഞ്ഞു.

തൻറെ കുടുംബത്തിൽ നിന്ന് പോലും ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു ഇയാൾ. 2013 ഏപ്രിൽ 23ന് അസുഖബാധിതനായി മുല്ല ഒമർ മരിച്ചുവെന്നും പുസ്തകത്തിൽ പറയുന്നു. കഴിഞ്ഞമാസം ഡച്ച് ഭാഷയിൽ ‘സെർച്ചിംഗ് ഫോർ ദ എനിമി’ പുറത്തിറങ്ങിയിരുന്നു. ഇംഗ്ലീഷിൽ ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.