ഇന്ധന നികുതിക്കൊള്ള : രാജ്യത്ത് വിൽപന കുറഞ്ഞു

Jaihind Webdesk
Sunday, April 17, 2022

ന്യൂഡൽഹി: ഇന്ധന വില കുത്തനെ ഉയർന്നതോടെ രാജ്യത്ത്  വിൽപന കുറഞ്ഞു. ഏപ്രിൽ ആദ്യ പകുതിയിൽ പെട്രോൾ വിൽപന 10 ശതമാനവും ഡീസൽ വിൽപന 15.6 ശതമാനവുമാണ് കുറഞ്ഞത്. പാചകവാതക വിൽപനയിലും 1.7 ശതമാനത്തിന്‍റെ കുറവുണ്ട്. 137 ദിവസത്തെ ഇടവേളക്കുശേഷം ദിവസങ്ങൾക്കുള്ളിൽ പെട്രോളിനും ഡീസലിനും 10 രൂപയിലധികം വർധിച്ചിരുന്നു. പാചകവാതക വിലയിലും വൻ വർധനവുണ്ടായി. ഇതേതുടർന്നാണ് വിൽപനയിൽ കുറവുണ്ടായത്.

അതിനിടെ, വിമാന ഇന്ധന വില വീണ്ടും വർധിച്ചു. ശനിയാഴ്ച 0.2 ശതമാനം (കിലോ ലിറ്ററിന് 277.5 രൂപ) കൂടി എക്കാലത്തെയും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയത്. ഡൽഹിയിൽ കിലോ ലിറ്ററിന് 1,13,202.33 രൂപയാണ് പുതുക്കിയ വില.

ഈ വർഷം വിമാന ഇന്ധന വിലയിലെ എട്ടാമത്തെ വർധനയാണിത്. ഈ വർഷം കിലോ ലിറ്ററിന് 39,180.42 രൂപ വരെയാണ് കൂടിയത്. വില വർധന മൂലം വിമാന ഇന്ധന വിൽപനയിലും കുറവുണ്ടായിട്ടുണ്ട്. മുൻ മാസത്തെ അപേക്ഷിച്ച് 20.5 ശതമാനമാണ് വിൽപനയിലെ കുറവ്.