ഇന്ധനവില വീണ്ടും കൂട്ടി ; കൊവിഡ് ദുരിതത്തിനിടയിലെ തീവെട്ടിക്കൊള്ള

Jaihind Webdesk
Tuesday, May 18, 2021

തെരഞ്ഞെടുപ്പിന് പിന്നാലെ രണ്ടാഴ്ചയ്ക്കിടെ പത്താം തവണയും ഇന്ധനവില കൂട്ടി. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊവിഡ് ദുരിതത്തില്‍ ജനം വലയുന്നതിനിടെയാണ് ഇരുട്ടടിയായി ഇന്ധനവില കൂട്ടുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 94 രൂപ 85 പൈസയും,ഡീസലിന് 89 രൂപ 79 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 93.32 പൈസയും ഡീസലിന് 88.38 പൈസയുമാണ് വില.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇത് പത്താം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇന്ധന കൊള്ളയ്ക്കെതിരെ പ്രതിഷേധം ഉയരുമ്പോഴെല്ലാം വില കൂട്ടുന്നത് എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്ന വാദമാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് ക്രൂഡ് ഓയിലിന് വില വര്‍ധിച്ചപ്പോഴും രാജ്യത്ത് വില വര്‍ധിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.