കൊവിഡിനെക്കാള്‍ ഭീകരം ഇന്ധനക്കൊള്ള; ഇന്നും വില കൂട്ടി

Jaihind Webdesk
Wednesday, July 7, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നും ഇന്ധനവില  വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില കൊച്ചിയില്‍ 100.42 രൂപയും തിരുവനന്തപുരത്ത് 102.19  രൂപയും കോഴിക്കോട് 100.68 രൂപയുമായി ഉയര്‍ന്നു. ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്  96.11 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരം 96.11 രൂപയും കോഴിക്കോട് 94.71 രൂപയുമാണ് ഡീസലിന്‍റെ ഇന്നത്തെ വില.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍  പിടിച്ചുനിര്‍ത്തിയ ഇന്ധനവില ഫലപ്രഖ്യാപനത്തിന് ശേഷം തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. മഹാമാരിയില്‍ വലയുന്ന ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിയിടുന്ന നടപടിയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ആശ്വാസ നടപടി കൈക്കൊള്ളാന്‍ പോലും സര്‍ക്കാരുകള്‍ തയാറാവുന്നില്ല. മഹാമാരിക്കിടയിലെ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. അതിനിടെ പാചകവാതകത്തിനും വില വര്‍ധിപ്പിച്ചു. ഇന്ധനവിലക്കയറ്റം നിത്യോപയോഗ സാധനങ്ങളുടെ വിലയെയും ബാധിച്ചതോടെ നട്ടംതിരിയുകയാണ് ജനം.