കൊള്ള തുടരുന്നു; രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു, വലഞ്ഞ് ജനം

Jaihind News Bureau
Monday, June 29, 2020

 

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 5 പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്.  23 ദിവസം കൊണ്ട് പെട്രോളിന് 9 രൂപ 22 പൈസയും ഡീസലിന് 10 രൂപ 47 പൈസയും കൂട്ടി. ഡൽഹിയിൽ ഡീസൽ വില പെട്രോളിനെ മറികടന്നിരുന്നു. ഒരു ദിവസം ഒഴികെ 19 ദിവസവും പെട്രോൾ വില വർധിപ്പിച്ചു. ഡീസൽ വില കഴിഞ്ഞ 21 ദിവസവും വർധിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുറഞ്ഞതും രാജ്യവ്യാപക അടച്ചുപൂട്ടലും കാരണം 82 ദിവസത്തോളം ഇന്ധനവില മാറ്റമില്ലാതെ തുടർന്നിരുന്നു. ജൂൺ ഏഴ് മുതലാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. കേന്ദ്രസർക്കാർ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.