പൊള്ളുന്ന ഇന്ധനവില; തുടർച്ചയായ പതിനാലാം ദിവസവും വര്‍ധനവ്

Jaihind News Bureau
Saturday, June 20, 2020

 

രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയും വര്‍ധിപ്പിച്ചു. 14 ദിവസം കൊണ്ട് ഡീസലിന് 7 രൂപ 86 പൈസയും പെട്രോളിന് 7 രൂപ 65 പൈസയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ എണ്ണക്കമ്പനികള്‍ വിലകൂട്ടിത്തുടങ്ങിയത്.

ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില  42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20 ഡോളറിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായില്ല. കൊവിഡ് കാരണം സാമ്പത്തികനഷ്ടം നേരിടുന്ന ജനങ്ങള്‍ക്ക് നേരെയുള്ള ഇരുട്ടടിയായാണ് വിലവര്‍ധന.