ഇന്ധനവില വര്‍ധന: കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കോണ്‍ഗ്രസ്; രാജ്യവ്യാപക പ്രതിഷേധം| VIDEO

Jaihind News Bureau
Monday, June 29, 2020

 

തിരുവനന്തപുരം:  ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി തുടങ്ങി വിവിധ നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

ഇന്ധനവില വര്‍ധനയില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും മൗനം തുടരുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇരു സര്‍ക്കാരുകളും. ലോകത്ത് മറ്റൊരു രാജ്യത്തും ഇന്ധനവില ഇങ്ങനെ വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ  ആശ്വാസ നടപടികള്‍ സ്വീകരിക്കാതെ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു. അധിക നികുതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ധന വിലവർധനവില്‍ സംസ്ഥാനത്തിന് സാമ്പത്തിക ലാഭമുണ്ടായതിനാലാണ് മുഖ്യമന്ത്രി  ഇടപെടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ ഞെക്കി പിഴിയുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

 

https://www.facebook.com/JaihindNewsChannel/videos/294696485232181