ന്യൂഡല്‍ഹി : കര്‍ഷകരെയും മധ്യവര്‍ഗത്തെയും സംരക്ഷിക്കാനുള്ള ഫലപ്രദമായ നടപടിയാണ് കേന്ദ്രം സ്വീകരിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് സാധാരണക്കാരുടെ കൈയില്‍ പണം ഇല്ലാതായിരിക്കുന്നു. സമ്പന്നരേയും കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സുപ്രധാന വ്യവസായങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നതിന് കോണ്‍ഗ്രസ് എതിരാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേയെ സ്വകാര്യവത്ക്കരിക്കുകയാണ്. സുഹൃത്തുക്കളുടെ കൈയിലേക്ക് സ്ഥാപനം എത്തിക്കുന്നതിനുവേണ്ടിയാണ് ഈ സ്വകാര്യവത്കരണമെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ധനവിലയും പാചകവാതകവിലയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതിലൂടെ നേടിയ 23 ലക്ഷം കോടി രൂപ പോകുന്നത് നരേന്ദ്ര മോദിയുടെ സുഹൃത്തുക്കള്‍ക്കാണെന്നും ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.