സ്പ്രിങ്ക്ളർ മുതല്‍ ഇഎംസിസി വരെ : പിണറായിയുടെ ‘ആഗോളവത്ക്കരണ പോരാട്ടം’ തമാശയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, March 19, 2021

തിരുവനന്തപുരം : ആഗോളവത്ക്കരണത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ഏക  സര്‍ക്കാര്‍ കേരളമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും വലിയ തമാശയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശ കുത്തകകള്‍ക്ക് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ മറിച്ചുനല്‍കിയതു മുതല്‍ കേരളത്തിന്‍റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വിദേശകമ്പനിക്ക് അവസരമൊരുക്കിയതുവരെയുള്ള കാര്യങ്ങള്‍ അക്കമിട്ടുനിരത്തി ആഗോളവത്ക്കണത്തിനെതിരെ പിണറായി സർക്കാർ പോരാടുന്നത് ഇങ്ങനെയാണെന്ന് അദ്ദേഹം പരിഹസിച്ചു.

ആഗോളവത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പോരാടുന്നത് ഇങ്ങനെയൊക്കെയാണ്.

1. കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് രഹസ്യമായി മറിച്ചു നൽകുന്നു. മാത്രമല്ല ആ കരാറിന് ബാധകം അമേരിക്കന്‍ നിയമവും.
2. ആഗോള കുത്തക കമ്പനിയായ പി.ഡബ്‌ളിയു.സിക്ക് സെക്രട്ടേറിയറ്റില്‍ ബ്രാഞ്ച് തുടങ്ങാന്‍ ഇരിപ്പടം ഒരുക്കുന്നു.
3. ആഗോള കുത്തക കമ്പനികളെയെല്ലാം ക്ഷണിച്ചു കൊണ്ടു വന്ന് ഭരണഘടനയും നിയമങ്ങളും ലംഘിച്ച് കണ്‍സള്‍ട്ടന്‍സി നല്‍കി പണം തട്ടുന്നു.
4. ലണ്ടനിലെ സ്‌റ്റോക്ക് എക്‌സചേഞ്ചില്‍ പോയി മണി അടിച്ച് കൊള്ളപ്പലിശയ്ക്ക് മസാലാ ബോണ്ടിറക്കി കേരളത്തെ കടക്കെണിയിലാക്കുന്നു.
5. അമേരിക്കന്‍ കുത്തക കമ്പനിയായ ഇ.എം.സി.സിക്ക് കേരളത്തിന്റെ മത്സ്യസമ്പത്ത് അപ്പാടെ തീറെഴുതി കൊടുക്കാന്‍ കരാറുണ്ടാക്കുന്നു.

ഇങ്ങനെയൊക്കെയാണ് പിണറായി സര്‍ക്കാര്‍ ആഗോളവത്കരണത്തിനെതിരെ ധീരമായി പോരാടുന്നത്.
കമ്യൂണിസ്റ്റ് ആശയങ്ങളെയെല്ലാം കാറ്റില്‍ പറത്തി മുതലാളിത്തത്തിന്‍റെ രൂപങ്ങളെയെല്ലാം വാരിപ്പുണര്‍ന്ന ശേഷം തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ആഗോളവത്ക്കരണത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.