‘മുന്‍സിപ്പല്‍ ഭരണ പ്രതിസന്ധി മുതല്‍ സഹകരണ ബാങ്ക് തട്ടിപ്പുകള്‍ വരെ’: തൃശൂർ സിപിഎം സമ്മേളനത്തില്‍ വിവാദങ്ങള്‍ക്ക് അന്ത്യമോ?

Jaihind News Bureau
Sunday, February 9, 2025

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് കുന്നംകുളത്തെ ടൗണ്‍ ഹാളില്‍ കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍  ആരംഭിക്കും. രാവിലെ 9 മണിക്ക്  എന്‍ ആര്‍ ബാലന്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കമിടും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം നടത്തും. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്  സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

സമ്മേളനത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകുന്നത് നിരവധി വിഷയങ്ങളാണ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളില്‍ നിലനില്‍ക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധികള്‍, കത്തോലിക്കാ സഭ ബിജെപിക്ക് നല്‍കുന്ന പിന്തുണ, തുടങ്ങി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് വിജയം കൈവരിക്കാന്‍ ഇടയാക്കിയ സംഭവ വികാസങ്ങള്‍ എല്ലാം തന്നെ വഴിവിട്ട ചർച്ചകള്‍ക്കും വിവാദത്തിനും ഇടയാക്കുമെന്ന് ഉറപ്പാണ്.

ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എം എം വര്‍ഗീസ് വിട്ടുനില്‍ക്കാനുള്ള സാധ്യത സംബന്ധിച്ച വാര്‍ത്തകളും സമ്മേളനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളില്‍ ശ്രദ്ധേയം. അബ്ദുള്‍ ഖാദര്‍, യു.പി. ജോസഫ് എന്നിവരുടെ പേരുകളാണ് പുതിയ സെക്രട്ടറി സ്ഥാനത്തേക്ക്  ശക്തമായി മുന്നോട്ടു വരുന്നത്.

ഫെബ്രുവരി 11-ന് ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്താകെയുള്ള സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ഏറ്റവും അവസാനത്തേതെന്ന പ്രത്യേകത തൃശൂര്‍ സമ്മേളനത്തിനുണ്ട്. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര രാഷ്ട്രീയപരമായ തീരുമാനങ്ങളിലും പ്രാധാന്യം നേടുമെന്നാണ് വിലയിരുത്തല്‍.