ലാവലിന്‍ മുതല്‍ മാസപ്പടി വരെ; ആരോപണങ്ങളില്‍ ആടിയുലഞ്ഞ് നാലാം വാര്‍ഷികാഘോഷം

Jaihind News Bureau
Sunday, April 27, 2025

കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത എണ്ണിയാല്‍ ഒടുങ്ങാത്ത അഴിമതി ആരോണങ്ങളില്‍ ആടിയുലഞ്ഞാണ് പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. ലാവലിന്‍ മുതല്‍ മാസപ്പടി വരെ നീളുന്ന ആരോപണങ്ങളില്‍ സിപിഎം ബിജെപി അന്തര്‍ധാരയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഫലപ്രദമായി വിനിയോഗിച്ച് തടയിട്ടാണ് മുഖ്യമന്ത്രി ഒരു പരിധിവരെപിടിച്ചു നില്‍ക്കുന്നത്. മാസപ്പടിയിലെ പുതിയ കുരുക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയെയും കുടുംബത്തെയും വരിഞ്ഞ് മുറുക്കുകയാണ്.

നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരിക്കേയാണ് പിണറായി വിജയന്‍ വിവാദ മായ എസ്സ് എന്‍സിലാവലിന്‍ കേസില്‍ ആരോപണ വിധേയനായത്. 374 കോടിരൂപ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് സിഎജി കണ്ടെത്തിയ അഴിമതി കരാര്‍ ആരോപണത്തിലെ നിയമനടപടികള്‍ സുപ്രീംകോടതിയില്‍ ഇപ്പോഴും തുടരുകയാണ്.സിപിഎം ബിജെപി അന്തര്‍ധാരയില്‍ സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് തുടര്‍ച്ചയായി 38 പ്രാവശ്യത്തിലേറെ മാറ്റിവെച്ചത് വലിയ രാഷ്ട്രീയ ആരോപണ പ്രത്യ രോപണങ്ങള്‍ക്ക് വഴിതെളിച്ചതാണ്.ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുലച്ച സ്വര്‍ണ്ണക്കടത്തും സ്വപ്ന സുരേഷ് വിവാദങ്ങളും കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.കോവിഡ്ക്കാലത്തെ പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ തീവെട്ടി കൊള്ളകള്‍ വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റത്തോടെ കോടികളുടെ അഴിമതി ആരോപണങ്ങളാണ് വിവിധ പദ്ധതികളുടെ പേരില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. കെ.ഫോണിലും എഐ ക്യാമറയിലും കോടികളുടെ അഴിമതി ആരോപണം മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ന്നിരുന്നു കരിവണ്ണൂര്‍ ഉള്‍പ്പെടെ വിവിധ സഹകരണ ബാങ്ക് തട്ടിപ്പുകളും സര്‍ക്കാരിനെ ഏറെ പ്രതിരോധത്തില്‍ ആക്കിയ വിവാദങ്ങള്‍ ആയിരുന്നു. രാഷ്ട്രീയ അന്തര്‍ നാടകങ്ങളിലൂടെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഫലപ്രദമായി വരുതിയിലാക്കിയാണ് കേസുകളില്‍ നിന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും തലയൂരിയത് ‘.ഇതിനിടയില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന കൈതോല പായ വിവാദവും മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി.അതിന് പിന്നാലെ മകള്‍ക്ക് നേരെ ഉയര്‍ന്ന മാസപ്പടി അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും കുടുംബത്തെയും ഒരുപോലെ പിടിച്ചുലച്ചു.