പട്ന: ബിഹാര്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച ‘ഇന്ത്യ’ സഖ്യത്തിന്റെ ‘വോട്ടര്‍ അധികാര്‍ യാത്ര’ ഇന്ന് സമാപിക്കും. പതിനായിരങ്ങള്‍ അണിനിരക്കുന്ന മഹാറാലിക്ക് അംബേദ്കര്‍ പാര്‍ക്ക് വേദിയാകും. ‘ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക്’ എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിച്ചുകൊണ്ടാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുക.
വോട്ട് മോഷണത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും നയിച്ച 16 ദിവസം നീണ്ട യാത്ര അവസാനിക്കുന്നത്. ‘വോട്ട് ചോര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. യാത്രയെത്തിയ എല്ലാ സ്ഥലങ്ങളിലും വലിയ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. യാത്രയുടെ വിജയം ജനസാഗരമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നു.
രാവിലെ 11 മണിക്ക് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ‘ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക്’ എന്ന പേരില്‍ മാര്‍ച്ച് നടത്തും. തുടര്‍ന്ന് അംബേദ്കര്‍ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തും. ഒരു മണിയോടെ സമാപന സമ്മേളനം ആരംഭിക്കും.
ഓഗസ്റ്റ് 17-ന് സസാറാമില്‍ നിന്ന് ആരംഭിച്ച യാത്ര ഔറംഗബാദ്, ഗയ, നവാഡ, നളന്ദ, ലഖിസരായി, മുന്‍ഗര്‍, ഭഗല്‍പൂര്‍, കതിഹാര്‍, പൂര്‍ണിയ, അരാരിയ, സുപോള്‍, മധുബനി, ദര്‍ഭംഗ, സീതാമര്‍ഹി, കിഴക്കന്‍ ചമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, ഛാപ്ര, ആര എന്നിവിടങ്ങളിലൂടെ കടന്നുപോയി.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ യാത്രയെ ബിഹാറിന്റെ ജനകീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലെന്നാണ് വിശേഷിപ്പിക്കുന്നത്. അഭൂതപൂര്‍വമായ പിന്തുണയാണ് ഇതിന് ലഭിച്ചത്. വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കുള്ള ഭീഷണികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി പ്രതീക്ഷയുടെ പ്രകാശകിരണമായി മാറി,’ അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും യാത്രയ്ക്ക് പിന്തുണയുമായി എത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐ നേതാവ് ആനിരാജയും റാലിയില്‍ പങ്കുകൊണ്ടിരുന്നു.
യാത്രയുടെ വന്‍ ജനപിന്തുണ ഭരണപക്ഷത്തെ വിറളി പിടിപ്പിച്ചു. പല ഘട്ടങ്ങളിലും യാത്ര വിവാദങ്ങളിലും എത്തി. ദര്‍ഭംഗയില്‍ ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പട്‌നയില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സദാക്കത്ത് ആശ്രമത്തിലെ ആസ്ഥാനം ബിജെപി ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു.