കാട്ടാനയെ കണ്ട് പേടിച്ചോടി; ഇടുക്കിയില്‍ പരിക്കേറ്റ ഗര്‍ഭിണിക്ക് ദാരുണാന്ത്യം

Jaihind Webdesk
Thursday, January 26, 2023

ഇടുക്കി : ഇടമലക്കുടി ഷെഡുകുടിയില്‍ കാട്ടാനയെ കണ്ട് പേടിച്ചോടി പരിക്കേറ്റ ഗര്‍ഭിണി മരിച്ചു.  അസ്‌മോഹന്‍റെ ഭാര്യ അംബികയാണ് മരിച്ചത്. കാട്ടാനയെക്കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റെന്നാണ് നാട്ടുകാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചത്.  വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അംബിക ഏഴു മാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ റോഡ് തകര്‍ന്നത് കാരണം ആംബുലന്‍സ് എത്താന്‍ കഴിയാത്തതിനാല്‍ ചുമന്നാണ് അംബികയെ ജീപ്പില്‍ എത്തിച്ചത്.  12 മണിക്കൂര്‍ പിന്നിട്ടതിനു ശേഷമാണ് രാത്രി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കാനായത് . ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

കഴിഞ്ഞ 6നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഈ ദിവസം ഷെഡുകുടി മേഖലയില്‍ 13 ഓളം കാട്ടാനകള്‍ ഉണ്ടായിരുന്നതായും ആനയെ കണ്ട് ഓടുന്നതിനിടയില്‍ യുവതിക്ക് പരിക്കോറ്റതാണെന്ന് നാട്ടുകാര്‍ പറയുന്നത്.