‘ഖത്തറാവേശം’സൗഹൃദ ഫുട്ബോൾ മത്സരം; കിക്കോഫ് ചെയ്ത് പിടി ഉഷ; പന്തു തട്ടി കേരള എംപിമാർ

Jaihind Webdesk
Friday, December 16, 2022

ന്യൂഡൽഹി: ലോകകപ്പ് ഫു‌ട്ബോൾ മത്സരത്തിന്‍റെ ആവേശം ഉൾക്കൊണ്ട് കേരളത്തിൽ നിന്നുള്ള പാർലമെന്‍റ് അംഗങ്ങളും മാധ്യമ പ്രവർത്തകരും ഏറ്റുമുട്ടി. രാഷ്ട്രീയപ്പോര് മാറ്റി വച്ച് എംപിമാർ എൻ.കെ.പ്രേമചന്ദ്രന്‍റെ നേതൃത്വത്തിൽ  ഒറ്റടീമായി കളം നിറഞ്ഞു. രാജ്യസഭാഗം പി. സന്തോഷ് കുമാർ എംപിമാർക്ക് വേണ്ടി ആദ്യ ഗോൾ നേടി കരുത്ത് തെളിയിച്ചു. ജെബി മേത്തർ എം.പി പെൺകരുത്തായി.  രണ്ടിനെതിരെ നാലു ഗോളിന് മീഡിയ ടീം ജയിച്ചു.
സോഷ്യൽമീഡിയ പ്ലാറ്റ്ഫോം ആയ പിക്‌സ്റ്റോറിയുമായി സഹകരിച്ച് പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം(കെ.യു.ഡബ്‌ള്യു.ജെ) ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ഖത്തറാവേശം’ സൗഹൃദ ഫുട്ബോൾ മത്സരമാണ് ആവേശമുയർത്തിയത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി.ഉഷ എംപി മത്സരം കിക്കോഫ് ചെയ്‌തു. മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്ടനും പശ്ചിമബംഗാളിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ പ്രസൂൻ ബാനർജി സമ്മാനദാനം നിർവഹിച്ചു.  വി.കെ. ശ്രീകണ്ഠൻ എംപി ടീമിന്‍റെ മാനേജരായി. ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ജോൺ ബ്രിട്ടാസ്, ഡോ. വി.ശിവദാസൻ, എ.എ.റഹിം, എ.എം.ആരിഫ്, പി. സന്തോഷ് കുമാർ എന്നിവരാണ് കളിച്ചത്. മാധ്യമ പ്രവർത്തകരുടെ ടീമിനെ നയിച്ച സ്റ്റീഫൻ മാത്യു മികച്ച കളിക്കാരനായി.

സമ്മാനദാന ചടങ്ങിൽ പിക്സ്റ്റോറി സി.ഇ.ഒ അപ്പു എസ്തോഷ് സുരേഷ്, കോ ഫൗണ്ടർ ജയന്ത് ജേക്കബ്, കൺട്രി ഹെഡ് പാർട്‌ണർഷിപ്പ്സ് സുനൈന ബറുവ കെ.യു.ഡബ്ലിയു.ജെ പ്രസിഡന്റ്‌ പ്രസൂൻ.എസ്‌.കണ്ടത്ത്,സെക്രട്ടറി ഡി.ധനസുമോദ്,വൈസ് പ്രസിഡന്‍റ് എം.പ്രശാന്ത്,നിഷ പുരുഷോത്തമൻ, 888 ഇന്‍റർനാഷണൽ സി.എം.ഡി. ഷംസീർ ഷാൻ എന്നിവർ സംസാരിച്ചു