ഫ്രഷ് ഫ്രഷ്…… വാഴക്കുല പ്രബന്ധങ്ങൾക്കു ശേഷം ഇനി ഉന്നത വിദ്യാഭ്യാസ ഹബ്ബ്? സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി രംഗത്ത്

Jaihind News Bureau
Sunday, February 9, 2025

തിരുവനന്തപുരം: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബാക്കുമെന്ന് പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ പ്രസ്താവനയും അതിന്‍റെ പശ്ചാത്തലവും സംസ്ഥാനത്ത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്. കൊച്ചിയിൽ നടന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്‍റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രിയുടെ വാഗ്ദാനം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നില്ലെന്നാണ് വിദഗ്ധരുടെ വിമർശനം. കേരള സർവകലാശാലയിൽ താൽക്കാലിക അധ്യാപകരെ നിയമിക്കാൻ നടത്തിയ ഇന്‍റർവ്യൂ ബോർഡിന്‍റെ കൺവീനറായി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ച സംഭവമാണ് ഇപ്പോൾ വിവാദത്തിന്‍റെ കേന്ദ്രത്തിൽ. യഥാർത്ഥത്തിൽ അധ്യാപനാനുഭവമോ ആവശ്യമായ യോഗ്യതയോ ഇല്ലാത്ത വ്യക്തിയെ ഈ സ്ഥാനത്ത് നിയമിച്ചതിന് സർക്കാരിന്‍റെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്നു. ഹൈക്കോടതി നേരിട്ട് ഇടപെട്ട് റാങ്ക് പട്ടിക റദ്ദാക്കിയതോടെ സർക്കാരിന്‍റെ നടപടികൾക്കുമേൽ സംശയം ശക്തമായി.

യുജിസിയുടെ നിയമപ്രകാരം ഇന്‍റർവ്യൂ ബോർഡിന്‍റെ അധ്യക്ഷനാകേണ്ടത് സീനിയർ പ്രൊഫസർ അല്ലെങ്കിൽ വിസി ചുമതലപ്പെടുത്തിയ അധ്യാപകനാണ്. എന്നാൽ പാർട്ടി അനുഭാവികളായ സിൻഡിക്കറ്റ് അംഗങ്ങൾ ഇന്‍റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തി നിയമങ്ങൾ മറികടക്കാൻ സർക്കാർ ശ്രമിച്ചതായി ആരോപണങ്ങളുണ്ട്. പാർട്ടിക്കാരെ കുത്തിനിറച്ച സർവകലാശാലകൾ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രങ്ങളാവുമോ എന്ന ചോദ്യമുയർന്നിട്ടുണ്ട്. പിഎച്ച്ഡി ഉൾപ്പടെയുള്ള ഗവേഷണ ബിരുദങ്ങൾക്ക് പാർട്ടി അനുഭാവികളായ ഗവേഷകരുടെ മോശം നിലവാരത്തിലുള്ള പ്രബന്ധങ്ങൾ തിരിച്ചറിഞ്ഞു ട്രോളുകളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരിക്കുന്നു. വാഴക്കുല പ്രബന്ധങ്ങൾ എന്ന പേരിലാണ് ഇത്തരം അധ്യാപനത്തിന്‍റെ നിലവാരം വിശേഷിപ്പിക്കപ്പെട്ടത്.

മിക്ക സർവകലാശാലകളിലും വൈസ് ചാൻസലർമാരുടെ അഭാവം, താൽക്കാലിക ചുമതല നൽകിയ ഭരണമാണ് ഇപ്പോഴും നിലനിൽക്കുന്നത്. മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ നേരത്തെയും ഇല്ലാതായപ്പോൾ, ഈ രംഗത്തെ ഉന്നതത്വത്തിന് മന്ത്രിയുടെ വാഗ്ദാനം വെറും ബഡായി പറച്ചിലായിത്തീരുന്നു.