നാഗർകോവില്‍: രാജ്യത്തിന്‍റെ ഐക്യം തിരികെ പിടിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിവസം. നാഗർകോവിലിൽ നിന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച യാത്ര പുളിയൂർ കുറിച്ചിയിലെ ദൈവസഹായം പിള്ള പള്ളിയില്‍ എത്തിയതോടെ ആദ്യ ഘട്ടത്തിന് സമാപനമായി. വൈകിട്ട് നാലുമണിക്ക് പുനരാരംഭിക്കുന്ന യാത്ര ഏഴുമണിക്ക് മുളക്മൂട് അഴകിയമണ്ഡപത്തില്‍ എത്തി സമാപിക്കും.
മൂന്നാം ദിവസമായ ഇന്ന് രാവിലെ 7 മണിക്ക് ഭാരത് ജോഡോ പദയാത്ര സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ നിന്നാണ് ആരംഭിച്ചു. പ്രായത്തെ തോൽപ്പിച്ച് സ്വാതന്ത്ര്യ സമര സേനാനി കോടിക്കൽ ഷേക്ക് അബ്ദുള്ള പദയാത്രയിൽ പങ്കുചേർന്നത് ആവേശമായി.
യൂത്ത് കോൺഗ്രസിന്‍റെയും ജില്ലാ കോൺഗ്രസ് ഘടകങ്ങളുടെയും നേതൃത്വത്തിൽ വലിയ സ്വീകരണമാണ് രാഹുലിന്‍റെ പദയാത്രയ്ക്ക് ഒരുക്കിയിരുന്നത്. തമിഴ്നാടിന്‍റെ തനത് കലാരൂപങ്ങളുമായി വലിയ ജനാവലി രാഹുലിനെ വഴിയരികിൽ സ്വീകരിച്ചു.
Day 2 of the padayatra started with flag hoisting at 7 am in Nagercoil. Bharat Yatris were joined by 89 year old freedom fighter Kodikal Sheikh Abdullah. He inspired everyone by highlighting the need to stand up, unite and fight for the soul of our nation.#BharatJodoYatra pic.twitter.com/HWr8jKDs07
— Jairam Ramesh (@Jairam_Ramesh) September 9, 2022
യാത്രയിൽ രാഹുൽ ഗാന്ധിക്കും സ്ഥിരാംഗങ്ങൾക്കുമൊപ്പം ആയിരങ്ങളാണ് അണിനിരന്നത്. പത്തുമണിയോടെ പുളിയൂർകുറിച്ചി ദൈവസഹായം പിള്ള പള്ളിയിൽ രാഹുൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 9.30 ഓടെ രാഹുലിന്‍റെ പദയാത്ര കുറിച്ചിയിൽ എത്തിച്ചേർന്നു. ആയിരക്കണക്കിന് ജനങ്ങളാണ് രാഹുലിനെ അനുഗമിച്ച് എത്തിയത്. കോൺഗ്രസ് രാജ്യത്തിന് നേടിത്തന്നതെല്ലാം മോദി സർക്കാർ ഇല്ലാതാക്കുകയാണെന്ന് പ്രവർത്തകർ പ്രതികരിച്ചു. പൗരപ്രമുഖമായി സംബന്ധിച്ച ശേഷം നാലുമണിയോടെയാണ് രാഹുല്‍ ഗാന്ധിയുടെ പദയാത്ര പുനരാരംഭിക്കുന്നത്. ഏഴു മണിയോടെ മുളകുമൂട് അഴകിയമണ്ഡപത്തിൽ പദയാത്രയുടെ മൂന്നാം ദിവസം സമാപിക്കും.
തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി സെപ്റ്റംബർ 11 ന് യാത്ര കേരളത്തിൽ പ്രവേശിക്കും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. 150 ദിവസങ്ങൾ കൊണ്ട് 3570 കിലോമീറ്ററുകൾ സഞ്ചരിക്കുന്ന യാത്ര കശ്മീരിലെത്തിച്ചേരും. കശ്മീരിലാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. മോദി സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടി രാജ്യമൊട്ടാകെ സഞ്ചരിക്കുന്ന യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.