കൊവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് സൗജന്യ റേഷൻ ഒരു മാസം കൂടി വിതരണം ചെയ്യണം : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Tuesday, May 12, 2020

 

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനായി കോൺഗ്രസിന്‍റെ കുത്തിയിരിപ്പ് സമരം. സംസ്ഥാനത്ത് പരമ്പരാഗത തൊഴിൽ മേഖലകൾ ആകെ തകർന്നിരിക്കുന്ന സാഹചര്യത്തിൽ സൗജന്യ റേഷൻ ഒരു മാസം കൂടി വിതരണം ചെയ്യണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് ഇന്ന് സമരം നടന്നത്.  പേരൂര്‍ക്കട വില്ലേജിലെ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ കൈയിൽ പണമെത്തിക്കാനുള്ള നടപടികൾ കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കണം. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ കേരളത്തിെലെത്തിക്കാൻ നപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കൊവിഡ് പ്രതിസന്ധികൾക്കിടെ തൊഴിൽ ഇല്ലാതെ പരമ്പരാഗത തൊഴിൽ മേഖലകളെ ആശ്രയിച്ച് ജീവിക്കുന്നവർ കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്ന് പോകുന്നത്. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

വെട്ടുകാട്, മണക്കാട് മണ്ഡലം കമ്മിറ്റികളുടെ സമരങ്ങളിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസൻ പങ്കെടുത്തു. കെ.പി.സി.സി-ഡി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ വിവിധ ജില്ലകളില്‍ നടന്ന കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തു.