വീണ്ടും തീവ്ര ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിച്ച് കമൽഹാസന്‍

Jaihind Webdesk
Monday, May 13, 2019

വീണ്ടും തീവ്ര ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന്‍റെ പരാമർശം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഭീകരവാദി ഒരു ഹിന്ദുവായിരുന്നെന്നും അയാളുടെ പേര് നാഥുറാം ഗോഡ്‌സെയാണെന്നുമാണ് കമൽഹാസന്‍റെ പരാമർശം. അരവാകുറിച്ചിയിലെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ.

മക്കൾ നീതി മയ്യം സ്ഥാനാർത്ഥി എസ് മോഹൻ രാജിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴായിരുന്നു കമൽഹാസന്‍റെ പ്രസ്താവന. മുസ്ലീങ്ങൾ നിരവധി ഉള്ളതുകൊണ്ടല്ല താനിത് പറയുന്നതെന്നും കമൽഹാസൻ വിശദീകരിച്ചു. വിവിധ മതവിശ്വാസങ്ങൾ സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയാണു താൻ ആഗ്രഹിക്കുന്നത്. 1948ൽ നടന്ന കൊലപാതകത്തിന്‍റെ ഉത്തരം തേടിയാണ് താൻ ഇവിടെ വന്നതെന്നും കമൽ കൂട്ടിച്ചേർത്തു. ഭരണകക്ഷിയായ എഐഡെിഎംകെ യ്ക്കും പ്രതിപക്ഷ കക്ഷിയായ ഡിഎംകെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്‍റെ വക്കിലാണ് തമിഴ്‌നാടെന്നും കമൽഹാസൻ പറഞ്ഞു.

2017 നവംബറിലും ഹിന്ദു വിഘടനവാദം എന്ന വാക്ക് ഉപയോഗിച്ച് കമൽ ഹാസൻ വിവാദമുണ്ടാക്കിയിരുന്നു. ബിജെപിയും ഹിന്ദു സംഘടനകളും ഇതിനെതിരെ അന്ന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കമൽഹാസന്‍റെ ഹിന്ദു പരാമർശം. മേയ് 19നാണ് അരവക്കുറിച്ചി ഉൾപ്പെടെയുള്ള 4 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, കമല്‍ഹാസന്‍റെ പരാമര്‍ശത്തിനെതിരെ ബോളിവുഡ് താരം വിവേക് ഒബറോയ് രംഗത്തെത്തി. “കമല്‍ സര്‍, താങ്കള്‍ ഒരു മികച്ച കലാകാരനാണ്.  കലയ്ക്ക് മതം ഇല്ലാത്തതുപോലെ തന്നെ തീവ്രവാദത്തിനും മതമില്ലെന്നും ഗോഡ്സേ ഒരു തീവ്രവാദിയാണെന്ന് താങ്കള്‍ക്ക് പറയാം പക്ഷേ ഹിന്ദു എന്ന പരാമര്‍ശം അവിടെ എന്തിനാണ്” വിവേക് ഒബറോയി ചോദിച്ചു.  മുസ്ലീം സമുദായത്തിന് സ്വാധീനമുള്ള സ്ഥലത്ത് വോട്ടിന് വേണ്ടിയായിരുന്നോ ഈ പരാമര്‍ശമെന്നും വിവേക് ഒബ്റോയി തന്‍റെ ട്വീറ്റില്‍ ചോദിക്കുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മോദിയായി രംഗത്തെത്തുന്നത് വിവേക് ഒബ്റോയി ആണ്.

“വളരെ ഉയരത്തില്‍ നില്‍ക്കുന്ന ഒരു കലാകാരനോട് തീരെ എളിയ ഒരു കലാകാരന്‍റെ അഭ്യര്‍ത്ഥനയാണ് നമുക്ക് രാജ്യത്തെ വിഭജിക്കാതിരിക്കാം. നാം എല്ലാം ഒന്നാണ്. ജയ്ഹിന്ദ് ” എന്നും വിവേക് കമലിനോട് അഭ്യര്‍ത്ഥിക്കുന്നു.