വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്

Jaihind Webdesk
Tuesday, April 30, 2019

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്. കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഫിനിക്സ് കൺസൾട്ടൻസിക്കെതിരെയാണ് പരാതി. ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെടുത്ത് കൺസൾട്ടൻസി ഉടമയും ജീവനക്കാരും സ്ഥാപനം പൂട്ടി മുങ്ങിയതോടെ വിദേശ ജോലിക്കായി തയ്യാറെടുത്തിരുന്ന 150ലധികം പേരാണ് കബളിപ്പിക്കപ്പെട്ടത്.

കോട്ടയം എസ് എച്ച് മൗണ്ടിലെ ഫിനിക്സ് കൺസൾട്ടൻസി ഉടമയായ കൈപ്പുഴ സ്വദേശി ഇടമറ്റം റോബിൻ മാത്യു, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. പണം വാങ്ങിയെടുത്ത ശേഷം അപേക്ഷകർക്ക് നൽകിയ വിസകളും വ്യാജമാണെന്ന് കണ്ടെത്തി. പരാതിയെ തുടർന്ന് പൊലീസ് റെയ്ഡ് ഉണ്ടായതോടെയാണ് സ്ഥാപന ഉടമ റോബിൻ മാത്യു, ജീവനക്കാരായ ജെയിംസ്, നവീൻ എന്നിവർ സ്ഥാപനം പൂട്ടി കടന്നുകളഞ്ഞത് അത്. ഇതോടെ വിദേശജോലിക്കായി ലക്ഷങ്ങൾ നൽകിയവർ കബളിപ്പിക്കപ്പെട്ടു.

അപേക്ഷകരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയ കൺസൾട്ടൻസി അധികൃതർ, പാസ്പോർട്ട് അടക്കമുള്ളവ വാങ്ങിവച്ചിരിക്കുകയാണ്.സ്ഥാപനത്തിന് സമീപത്തുള്ള ബന്ധുവിന്‍റെ ആഡംബര വീട് കൺസൾട്ടൻസി ഉടമയുടേതാണെന്ന് വിശ്വസിപ്പിച്ചാണ് റോബിൻ മാത്യു തട്ടിപ്പ് നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി 150 ൽ അധികം പേർ ഗാന്ധിനഗർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് സ്ഥാപനത്തിൽ ഗാന്ധിനഗർ പൊലീസ് റെയ്ഡ് നടത്തി.