ന്യൂഡല്‍ഹി: യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുന്ന ‘സനാതനി-കര്‍മ ഹീ ധര്‍മ’ സിനിമയുടെ പ്രദര്‍ശനാനുമതി തടയണമെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവ മതത്തെ തെറ്റായി ചിത്രീകരിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന ഒറിയ ചിത്രം എങ്ങനെ പ്രദര്‍ശനാനുമതി നേടിയെന്നത് സമഗ്രമായി പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.
യേശുക്രിസ്തുവിനെതിരെ ചിന്തിക്കാനാവാത്ത അധിക്ഷേപങ്ങളാണ് സിനിമയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് . യേശു വ്യാജ ദൈവമാണ്, യേശുവിനു മൂന്നു പെണ്‍സുഹൃത്തുക്കളുണ്ട്, മാന്ത്രികനായ യേശു നിരക്ഷരരായ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു, ക്രൈസ്തവന്‍ ഒരു ബൈബിളുമായി വന്ന് നാട്ടുകാരുടെ ഭൂമിയെല്ലാം തട്ടിയെടുത്തു തുടങ്ങിയ അധിക്ഷേപങ്ങളാണ് ഒഡീഷയില്‍ പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് വീണ്ടും ‘കണ്ഡമാല്‍ ലഹള’ ആവര്‍ത്തിക്കാനുള്ള നീക്കമാണ്. ഇത് അനുവദിക്കാന്‍ പാടില്ല. രാജ്യത്തെ ജനാധിപത്യ മതേതര പാരമ്പര്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരെ ഘടക വിരുദ്ധമായ പ്രചാരണം നടത്തുന്ന ചിത്രം നിരോധിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.