ന്യൂഡല്‍ഹി: ലണ്ടനിലെ SOAS യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഹിന്ദി പണ്ഡിതയും പ്രൊഫസര്‍ എമറിറ്റയുമായ ഫ്രാന്‍സെസ്‌ക ഓര്‍സിനിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ഇ-വിസ ഉണ്ടായിരുന്നിട്ടും ഒക്ടോബര്‍ 21-ന് പുലര്‍ച്ചെ അവരെ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയിലെ ഒരു അക്കാദമിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം ഹോങ്കോംഗ് വഴിയാണ് ഓര്‍സിനി ഡല്‍ഹിയിലെത്തിയത്. സുഹൃത്തുക്കളെ സന്ദര്‍ശിക്കാനായിരുന്നു അവരുടെ ഇന്ത്യാ സന്ദര്‍ശനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും അവര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ‘എന്നെ നാടുകടത്തുകയാണ്. എനിക്കറിയാവുന്നത് അത്രമാത്രം,’ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഓര്‍സിനി പറഞ്ഞു.
ആരാണ് ഫ്രാന്‍സെസ്‌ക ഓര്‍സിനി?
‘ദി ഹിന്ദി പബ്ലിക് സ്ഫിയര്‍ 19201940: ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഇന്‍ ദി ഏജ് ഓഫ് നാഷണലിസം’ എന്ന ഹിന്ദി സാഹിത്യത്തിലെ മികച്ച ഗ്രന്ഥത്തിലൂടെ പ്രശസ്തയാണ് ഓര്‍സിനി. ദക്ഷിണേഷ്യന്‍ സാഹിത്യ സംസ്‌കാരങ്ങളിലെ ബഹുഭാഷാ സമീപനത്തിലും ഹിന്ദി/ഉറുദു ഗ്രന്ഥങ്ങളിലും അവര്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. 2020-ല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡോ. ബി.ആര്‍. അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കാന്‍ അവരെ ക്ഷണിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ സാധുവായ യാത്രാരേഖകളുണ്ടായിട്ടും വിദേശ പണ്ഡിതര്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കുന്ന നാലാമത്തെ സംഭവമാണിത്. നരവംശശാസ്ത്രജ്ഞനായ ഫിലിപ്പോ ഒസെല്ല, ആര്‍ക്കിടെക്ട് ലിന്‍ഡ്‌സെ ബ്രെംനര്‍, കശ്മീരി അക്കാദമിക് നിതാഷ കൗള്‍ (ഇവരുടെ ഒസിഐ കാര്‍ഡും പിന്നീട് റദ്ദാക്കി) എന്നിവരും സമാനമായ സാഹചര്യങ്ങള്‍ നേരിട്ടിട്ടുണ്ട്. സ്വീഡന്‍ ആസ്ഥാനമായുള്ള പ്രൊഫസര്‍ അശോക് സ്വയിന്റെ ഒസിഐയും റദ്ദാക്കിയിരുന്നെങ്കിലും പിന്നീട് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയിരുന്നു.
ഈ സംഭവങ്ങളെ അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ചയുടെ ലക്ഷണമായാണ് അക്കാദമിക് സംഘടനകളും പൗരസമൂഹവും കാണുന്നത്. 2021-ല്‍ കോവിഡ് മഹാമാരിയുടെ സമയത്ത്, ഓണ്‍ലൈന്‍ അക്കാദമിക് പരിപാടികളില്‍ പങ്കെടുക്കാന്‍ വരുന്ന അന്താരാഷ്ട്ര പണ്ഡിതര്‍ക്ക് മുന്‍കൂട്ടി രാഷ്ട്രീയ അനുമതി ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് അതിര്‍ത്തി കടന്നുള്ള അക്കാദമിക് കൈമാറ്റങ്ങളെ കൂടുതല്‍ നിയന്ത്രിക്കുന്നതിന് കാരണമായി.
ഇന്ത്യയിലെ ആവിഷ്‌കാര സ്വാതന്ത്ര്യം ചുരുങ്ങിവരുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സിവില്‍ സമൂഹത്തിലും അക്കാദമിക് രംഗത്തും വിയോജിപ്പുകള്‍ക്ക് ഇടമില്ലാതാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിലെ ആയിരക്കണക്കിന് അക്കാദമിക് വിദഗ്ധരെ പ്രതിനിധീകരിക്കുന്ന ‘സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്’ എന്ന ആഗോള ശൃംഖലയുടെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോര്‍ട്ട് ‘ഫ്രീ ടു തിങ്ക്’ ഇന്ത്യയെ അക്കാദമിക് സ്വാതന്ത്ര്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു.