പെഗാസസ് : അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്

Jaihind Webdesk
Tuesday, July 20, 2021


പാരീസ്: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതിന് മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണം.

ഫ്രാന്‍സിലെ ദിനപ്പത്രമായ ലെ മോണ്ടെ അടക്കം 13 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തുകയും ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മൊറോക്കോ ഇന്റലിജന്‍സ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോര്‍ട്ട് മൊറോക്കോ നിഷേധിച്ചിട്ടുണ്ട്. തിങ്കളാഴ്ച അന്വേഷണ വെബ്‌സൈറ്റായ മീഡിയപാര്‍ട്ട് പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ മീഡിയാ പാര്‍ട്ടിന്റെ സ്ഥാപകനായ എഡ്വി പ്ലെനലിന്റെ നമ്പറും ഉള്‍പ്പെട്ടതായി മീഡിയാപാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഇപ്പോഴും ഫോൺ ചോർത്തല്‍ സംബന്ധിച്ച  വിവാദങ്ങള്‍ തുടരുകയാണ്. അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.