വീണ്ടും ഫ്രാന്‍സ്; പൊരുതി തോറ്റ് മൊറോക്കോ

ഖത്തർ ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി ഫ്രാൻസ് ഫൈനലിൽ. വിജയത്തോടെ തുടർച്ചയായ ലോകകപ്പ് ഫൈനലിലെത്തുന്ന ടീമുകളിലൊന്നായി ഫ്രാൻസ് മാറി. ഇതോടെ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജൻറീന ഫ്രാൻസിനെ നേരിടും.

അൽ ബൈത് സ്റ്റേഡിയത്തിൽ വെറും അഞ്ചു മിനുട്ട് മാത്രമെ ഫ്രാൻസിന് മൊറോക്കോ ഡിഫൻസ് തകർക്കാൻ വേണ്ടി വന്നുള്ളൂ‌. അഞ്ചാം മിനുട്ടിൽ തിയോ ഹെർണാണ്ടസ് പേരുകേട്ട മൊറോക്കൻ ഡിഫൻസീവ് കോട്ട തകർത്തു. ഗ്രീസ്മന്റെ ഒരു റൺ ആണ് അവരെ ഞെട്ടിച്ചത്. ഗ്രീസ്മന്റെ പാസ് എംബപ്പെയിൽ എത്തി. എംബപ്പെ രണ്ട് തവണ ഗോളിനായി ശ്രമിച്ചു എങ്കിലും ബ്ലോക്ക് ചെയ്യപ്പെട്ടു. ആ പന്ത് എന്തിയത് പെനാൾട്ടി ബോക്സിൽ ഫ്രീ ആയി നിൽക്കുന്ന തിയോയിലെക്ക്. തിയോ ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ ബോനോയെ മറികടന്ന് പന്ത് വലയിലേക്ക് എത്തിച്ചു.

ഈ ഗോൾ തുടക്കം മുതൽ തന്നെ കളിയുടെ നിയന്ത്രണം ഫ്രാൻസിന്‍റെ  കാലുകളിൽ ആക്കി. ഔനായിയുടെ ഒരു ഷോട്ട് ലോരിസിനെ പരീക്ഷിച്ചത് ഒഴിച്ചാൽ കാര്യമായ ഭീഷണി മൊറോക്കോയിൽ നിന്ന് തുടക്കത്തിൽ ഉണ്ടായില്ല. 45ആം മിനുട്ടിൽ അൽ യമിഖിന്റെ ഒരു ബൈസൈക്കിൾ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയത് മൊറോക്കോയ്ക്ക് വലിയ തിരിച്ചടിയായി. രണ്ടാം പകുതിയിൽ മൊറോക്കോ തുടരെ തുടരെ അറ്റാക്കുകൾ നടത്തി. ഫ്രാൻസ് പലപ്പോഴും കൗണ്ടറുകൾക്ക് ആയി കാത്തിരിക്കേണ്ടി വന്നു. മൊറോക്കോ സിയചിന്‍റെ നേതൃത്വത്തിൽ നല്ല അറ്റാക്കുകൾ നടത്തി. പലപ്പോഴും അവസരങ്ങൾ ഇഞ്ചുകളുടെ വ്യത്യാസത്തിൽ നഷ്ടങ്ങളായി മാറി. അവസാനം 79ആം മിനുറ്റിൽ ഫ്രാൻസിന്റെ രണ്ടാം ഗോൾ വന്നതോടെ മൊറോക്കൻ കഥ കഴിഞ്ഞു.

കോലോ മുവാനിയുടെ ഒരു ടാപിൻ ഫ്രാൻസിന്റെ വിജയം ഉറപ്പിച്ചു. എംബപ്പെയുടെ ഒരു ഗോൾ ശ്രമം ആണ് മുവാനിയുടെ ടാപിന്നായി മാറിയത്. ഈ ഗോളിന് ശേഷം വിജയം ഉറപ്പിക്കുന്നതിൽ ആയി ഫ്രാൻസിന്റെ ശ്രദ്ധ. ഇനി ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീനയെ ഫ്രാൻസ് നേരിടും

Comments (0)
Add Comment