‘ഫാ. തിയോഡോഷ്യസിന്‍റെ മാപ്പ് അംഗീകരിക്കില്ല’: മന്ത്രി വി അബ്ദുറഹിമാന്‍

Jaihind Webdesk
Thursday, December 1, 2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാന്‍. ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘നാവിന് എല്ലില്ലാതെ വിളിച്ചുപറഞ്ഞ് അതിന് വൈകിട്ട് മാപ്പ് എഴുതിയാല്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. ഞാന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല’ –  മന്ത്രി പറഞ്ഞു. വികസനത്തിന് തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് മന്ത്രി അബ്ദുറഹിമാനെതിരേ നടത്തിയ പരാമര്‍ശം വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ഫാ. തിയോഡോഷ്യസ് പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്‍റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം തിരുത്തിയിരുന്നു.