ALAPPUZHA| കേസ് കൊടുത്തതിന് നാലാം ക്ലാസുകാരിക്ക് വീണ്ടും പിതാവിന്റെ ആക്രമണം

Jaihind News Bureau
Friday, August 8, 2025

ആലപ്പുഴ ചാരുംമൂട്ടില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണത്തിന് ശ്രമം. അയാള്‍ ഇന്നലെ കുട്ടിയുള്ള വീട്ടില്‍ എത്തിയിരുന്നു. കുട്ടി താമസിച്ചിരുന്നത് പിതാവിന്റെ മാതാവിന്റെ കൂടെയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു കുട്ടി അമ്മൂമ്മയുടെ കൂടെ താമസിച്ചത്. ഈ സമയത്താണ് വീണ്ടും ആക്രമിക്കാന്‍ ശ്രമം നടന്നത്. കുട്ടിയുടെ പിതാവ് അന്‍സറും രണ്ടാനമ്മ ഷെബീനയും സംഭവത്തിനു ശേഷം ഒളിവിലായിരുന്നു.

പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനം ഒരു വര്‍ഷമായി നേരിട്ടിരുന്ന കുട്ടി തന്റെ അനുഭവങ്ങള്‍ നോട്ട് ബുക്കില്‍ പകര്‍ത്തിയിരുന്നു. വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസില്‍ എത്തിയ കുട്ടിയോട് അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.

അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നൂറനാട് പൊലീസ് ഇരുവരുടേയും പേരില്‍ കേസെടുത്തിരുന്നു. ് കേസ് എടുത്തതിനു ശേഷം കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിലാണ്. കേസെടുത്ത് രണ്ട് ദിവസമായിട്ടും കൂട്ടിയെ ക്രൂരമായി ഉപദ്രവിച്ച രണ്ടാനമ്മയെയും പിതാവിനെയും പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.