പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; ഇന്ന് യുഡിഎഫ് സംസ്ഥാനത്ത് കരിദിനം ആചരിക്കും

Jaihind News Bureau
Tuesday, May 20, 2025

സമസ്ത മേഖലയിലും പരാജയമായ പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനമായ ഇന്ന് യു.ഡി.എഫ് സംസ്ഥാനത്ത് കരിദിനമാചരിക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിയോജകമണ്ഡലം കേന്ദ്രങ്ങളിലും കരിങ്കൊടിയുയര്‍ത്തി യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും.

സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ ഒന്നൊന്നായി നിരത്തിയാണ് യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തെ എത്തിച്ച സര്‍ക്കാര്‍ കോടികള്‍ പൊടിപൊടിച്ചു നടത്തുന്ന വാര്‍ഷികാഘോഷത്തിനെതിരെയുള്ള ശക്തമായപ്രതിഷേധമുയര്‍ത്തിയാണ് യുഡിഎഫ് കരിദിനം ആചരിക്കുന്നത്. ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കി കേരളത്തെ ലഹരി മരുന്നിന്റെ താവളമാക്കി മാറ്റിയ ഇടതു ഭരണത്തിനെതിരെയുള്ള ജനരോഷം കരിദിനത്തില്‍ അലയടിക്കും. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള തുടര്‍ സമരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് യുഡിഎഫ് കരിദിനം ആചരിക്കുന്നത്.അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള ജനകീയ പ്രതിഷേധമായി കരിദിനം മാറുകയാണ്.