തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പോകുകയായിരുന്ന മലയാളികള്‍ സഞ്ചരിച്ച ഒമ്നി വാനും തമിഴ്‌നാട് സര്‍ക്കാര്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു.. മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ രാജി നാഥ്, രാഹുല്‍ കാഞ്ഞിരംകുളം സ്വദേശികളായ രാജേഷ്, സജിത്ത് എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സഞ്ചരിച്ച രജനീഷ്, സാബു, സുനില്‍ എന്നിവരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു.
മുത്തുപേട്ടയ്ക്കടുത്തുള്ള ഈസ്റ്റ് കോസ്റ്റ് റോഡിലെ സ്വകാര്യ പെട്രോള്‍ പമ്പിന് സമീപം രാവിലെ 6:30 യോാടുകൂടിയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പോവുകയായിരുന്ന ഒമ്നി വാനും നാഗപട്ടണത്ത് നിന്ന് എര്‍വാടിയിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇവര്‍ വേളാങ്കണ്ണി പള്ളിയിലേക്ക് പോവുകയായിരുന്നു. തിരുതുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവരെ ആദ്യം പ്രവേശിപ്പിച്ചത്.. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ തിരുവാരൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്നി വാനിലുണ്ടായിരുന്ന ഏഴ് പേരും നിര്‍മ്മാണ തൊഴിലാളികളാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വീരയൂര്‍ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. തിരുവാരൂര്‍ എസ്പി കരുണ്‍ കാരാട്ട് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി.