മധ്യപ്രദേശില്‍ നാല് മലയാളി വിദ്യാർത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം, വംശീയ അധിക്ഷേപം; നടപടി ആവശ്യപ്പെട്ട് NSUI

Jaihind Webdesk
Saturday, March 11, 2023

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിലെ (ഐജിഎൻടിയു) നാല് മലയാളി വിദ്യാർത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. വംശീയ അധിക്ഷേപത്തിന് വിധേയമാക്കിയതിന് ശേഷമായിരുന്നു മര്‍ദ്ദനം. നഫീൽ കെടി, അഭിലാഷ് ആർ, അദ്‌നാൻ, ആദിൽ റഷീദ് എന്നിവരെ ഹോസ്റ്റലിലേക്ക് പോകുമ്പോൾ ഒരു സംഘം സെക്യൂരിറ്റി ജീവനക്കാരാണ് മർദ്ദിച്ചത്. പത്തോളം സെക്യൂരിറ്റി ജീവനക്കാർ തങ്ങളെ ‘കേരളാവാല’ എന്നും ‘സൗത്ത് ഇന്ത്യൻ’ എന്നും വിളിച്ചെന്നും അക്രമിക്കുന്നതിന് മുമ്പ് അസഭ്യം പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കോളേജിന്‍റെ ചിത്രം ഫോണില്‍ എടുക്കുന്നതിനിടെ യാതൊരു പ്രകോപനം കൂടാതെ സെക്യൂരിറ്റി ജീവനക്കാർ വിദ്യാർഥികളെ മർദിക്കുകയായിരുന്നു. വാട്ടർ ടാങ്കിന്‍റെ മുകളിൽ കയറി ഫോട്ടോയെടുത്തുകൊണ്ടിക്കുന്ന വിദ്യാർഥികൾക്കു നേരെ സെക്യൂരിറ്റി ജീവനക്കാർ പാഞ്ഞടുക്കുകയും ഫോൺ തട്ടിപ്പറിച്ച് വാങ്ങുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർഥികളോട് സെക്യൂരിറ്റി ജീവനക്കാർ മലയാളികളാണല്ലെയെന്ന് ചോദിച്ചു. പിന്നാലെ ഇവര്‍ വിദ്യാർഥികളെ അതിക്രൂരമായി മർദിക്കുകയായിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളാണ് മർദനത്തിനിരയായത്. വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി.

അതേസമയം മധ്യപ്രദേശ് ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ കേരളത്തിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ NSUI അപലപിച്ചു. വിദ്യാർത്ഥികളെ ആക്രമിച്ചവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും സർവകലാശാലാ ഭരണകൂടത്തോടും NSUI ആവശ്യപ്പെട്ടു.