ദുബായില്‍ ചെറുവിമാനം തകര്‍ന്ന് നാലു മരണം; താല്‍ക്കാലികമായി അടച്ച ദുബായ് വിമാനത്താവളം സാധാരണ ഗതിയിലായി

B.S. Shiju
Friday, May 17, 2019

ദുബായില്‍ നാല് യാത്രക്കാരുമായി എത്തിയ ചെറുവിമാനം തകര്‍ന്ന്, വിമാന യാത്രക്കാരായ നാലു പേരും മരിച്ചു. പൈലറ്റും സഹായിയും ഉള്‍പ്പടെയുള്ള നാലു പേരാണ് മരണപ്പെട്ടത്. ഇതോടെ, ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറിലധികം സമയം തടസ്സപ്പെട്ടു. തുടര്‍ന്ന്, നിരവധി വിമാന സര്‍വീസുകളുടെ പ്രവര്‍ത്തനം സമീപ വിമാനത്താവളങ്ങളിലേക്ക് വഴിമാറ്റി വിട്ടു. മൂന്ന് യു കെ സ്വദേശികളും ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി, ദുബായ് എയര്‍പോര്‍ട്ട് പ്രവര്‍ത്തനം സാധാരണ ഗതിയിലായതായി അധികൃതര്‍ വ്യക്തമാക്കി. ലണ്ടന്‍ കേന്ദ്രമായ ഹണിവെല്ലിന്റെ ഉടമസ്ഥതതയിലുള്ള ഡയമണ്ട് 43 എന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് സംശയിക്കുന്നു.