തമിഴ്മാട്ടിലെ കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കടലൂരിനടുത്തുള്ള ശെമ്മന്‍കുപ്പത്ത് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം. ലെവല്‍ ക്രോസില്‍ ഗേറ്റ് അടയ്ക്കാന്‍ ജീവനക്കാരന്‍ മറന്ന് പോയതാണ് അപകട കാരണമെന്നാണ് വിവരം. എന്നാല്‍ വാന്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ട്രെയിന്‍ വരും മുന്‍പ് വാന്‍ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയില്‍വേ വിശദീകരിക്കുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചികിത്സയ്ക്കായി കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.