കൊല്ലത്തെ എ.എസ്.ഐ ബാബു കുമാർ വധശ്രമക്കേസിൽ മുൻ ഡിവൈഎസ്പി സന്തോഷ്.എം. നായർ ഉൾപ്പെടെ 4 പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. വിചാരണ നേരിട്ട രണ്ട് പേരെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു.
കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന ബാബു കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് നാല് പ്രതികളെ കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി വിജീഷ്, കണ്ടെയ്നർ സന്തോഷ്, മുൻ ഡിവൈഎസ്പി സന്തോഷ് എം നായർ, പെന്റി എന്നിവർക്ക് പത്ത് വർഷം കഠിന തടവ് സി.ബി.ഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു.ഒന്നാം പ്രതിക്ക് അൻപതിനായിരം രൂപയും, ബാക്കിയുള്ളവർക്ക് 25000 രൂപയും പിഴ വിധിച്ചു.നാല് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി, പ്രതി സ്ഥാനത്തുണ്ടായിരുന്ന പുഞ്ചിരി മഹേഷിനെയും, ഡിവൈഎസ്പി വിജയനെയും വെറുതെ വിട്ടു.
2011 ജനുവരി 11-നാണ് എ.എസ്.ഐ. ബാബുകുമാറിന് നേരെ വധശ്രമം നടന്നത്. 2009 ഒക്ടോബർ 12 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ
പോലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത മദ്യസത്കാരത്തെ കുറിച്ച് വാർത്ത പുറത്ത് വന്നതിന്റെ പ്രതികാരമാണ് ബാബുകുമാറിന് നേരെയുള്ള വധശ്രമത്തിന് പിന്നിലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകൻ വി ബി ഉണ്ണിത്താന് നേരെയും വധശ്രമം നടന്നത്. ഉണ്ണിത്താൻ വധശ്രമക്കേസിൽ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.