മരടിലെ ഫ്‌ളാറ്റിന്‍റെ നിര്‍മ്മാണത്തില്‍ നിര്‍മ്മാതാക്കള്‍ കള്ളക്കളി നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്

മരടിലെ ഫ്‌ളാറ്റിന്‍റെ നിര്‍മ്മാണത്തില്‍ നിര്‍മ്മാതാക്കള്‍ കള്ളക്കളി നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ഫ്‌ളാറ്റിന്‍റെ നിര്‍മ്മാണം നടന്നത് നിയമ വിരുദ്ധമായിട്ടാണെന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. അതേ സമയം, ഫ്ലാറ്റുടമകൾക്ക് പുനരധിവാസത്തിന് അപേക്ഷ സമർപ്പിക്കാൻ നഗരസഭ അനുവദിച്ച സമയം ഇന്നവസാനിക്കും.

പൊളിച്ച് മാറ്റാൻ സുപ്രീം കോടതി നിർദേശിച്ച ഫ്ലാറ്റുകളായ ജെയിനും ആല്‍ഫ വെഞ്ച്വേഴ്‌സിനും നഗരസഭ നല്‍കിയത് UA നമ്പറാണ്. കോടതി ഉത്തരവുണ്ടായാല്‍ ഫ്‌ളാറ്റ് ഒഴിയേണ്ടി വരുമെന്നും കൈവശ രേഖയില്‍ പറയുന്നുണ്ട്. എന്നാൽ ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ നഗരസഭ നല്‍കിയ സമയപരിധി തീര്‍ന്നിട്ടും ഒരു താമസക്കാര്‍ പോലും മാറിയിട്ടില്ല.

ഈ സാഹചര്യത്തിൽ പ്രശ്‌നം എങ്ങനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് ഇന്ന് സര്‍വ്വകക്ഷിയോഗം ചേരുന്നത്. സർവ്വകക്ഷി യോഗത്തിൽ എന്ത് തീരുമാനമുണ്ടാകും എന്ന ആകാംക്ഷയിലാണ് ഫ്ലാറ്റുടമകൾ.

എന്നാൽ ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ ടെണ്ടർ നൽകിയ കമ്പനികൾ കരാർ ഏറ്റെടുത്താൽ ആറ് മാസത്തികം പൊളിച്ച് മാറ്റണമെന്ന നിലപാടിലാണ് നഗരസഭ. സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുതെന്നും നിയന്ത്രിതമായ രീതിയിൽ പൊളിക്കണമെന്നും ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും നഗരസഭ വ്യക്തമാക്കുന്നുണ്ട്. 7200 ക്യുബിക്ക് മീറ്റർ കോൺക്രീറ്റാണ് പൊളിച്ച് മാറ്റേണ്ടി വരുക. എങ്ങനെ പൊളിച്ച് മാറ്റാനാണ് കമ്പനികൾ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും നഗരസഭ ആവശ്യപ്പെടുന്നുണ്ട്.

അതേ സമയം ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കോടതിയെ സമീപിക്കാനാണ് ഇപ്പോൾ ഫ്ലാറ്റുടമകളുടെ തീരുമാനം. ഫ്ലാറ്റ് നിർമ്മാണം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യത്തിലാണ് ഉടമകൾ.

Comments (0)
Add Comment