സി-ഡിറ്റിലെ കള്ളക്കളികൾ – 1 : അഴിമതി കാട്ടാം ആവോളം, സർക്കാർ ഒപ്പമുണ്ട്

B.S. Shiju
Thursday, January 17, 2019

സി.എം.ഡി.ആർ.എഫ്, സി.എം.ഒ പോർട്ടലുകളുടെ പ്രവർത്തന നിയന്ത്രണം സ്വകാര്യ കമ്പനിക്ക്. സി-ഡിറ്റിനെ ഒഴിവാക്കി സർക്കാർ. നൽകിയത് വ്യക്തിഗത വിവരങ്ങളടങ്ങിയ ഡേറ്റാബേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന വെബ്സൈറ്റായ സി.എം.ഡി.ആർ.എഫ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സി.എം.ഒ പോർട്ടൽ എന്നിവയുടെ പ്രവർത്തനങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറി സർക്കാർ. അതീവ ഗൗരവ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ രണ്ടു സൈറ്റുകളും സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റാണ് കൈകാര്യം ചെയ്തിരുന്നത്. ഇവയുടെ മുഴുവൻ പ്രവർത്തനങ്ങളും സി-ഡിറ്റിന്‍റെ പക്കൽ നിന്നും മാറ്റിയാണ് സ്വകാര്യ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഓസ്പിൻ ടെക്നോളോജീസിന് നൽകിയിട്ടുള്ളത്. രണ്ട് സൈറ്റുകളുടെയും പ്രവർത്തന നിയന്ത്രണം നിർവഹിക്കാൻ സർക്കാർ നൽകിയ ഉത്തരവ് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഈ ഉത്തരവ് സി-ഡിറ്റിന്‍റെ സൈറ്റിലടക്കം പ്രസിദ്ധീകരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നിയന്ത്രണമുള്ള പൊതുമേഖലാ സ്ഥാപനമാണ് സി-ഡിറ്റ് എന്നതും വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.

വ്യക്തിഗത വിവരങ്ങളടക്കമുള്ള ഡേറ്റാബേസാണ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ ടെക്നോപാർക്കിലെ സ്വകാര്യകമ്പനിക്ക് കൈമാറിയിട്ടുള്ളത്. സി.എം.ഡി.ആർ.എഫ് എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെട്ട വ്യക്തിഗത വിവരങ്ങളായ ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയടങ്ങുന്ന ഡേറ്റാബേസാണ് ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിയായ ഓസ്പിന് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്ലും സംസ്ഥാനത്തെ വിവിധ വ്യക്തികളുടെ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. രണ്ട് സൈറ്റുകളും ടെക്നോപാർക്കിലെ സ്വകാര്യ കമ്പനിക്ക് കൈമാറിയതോടെ സർക്കാർ തന്നെ വ്യക്തിഗത വിവരങ്ങൾ സ്വകാര്യ സ്ഥാപനത്തിന് ചോർത്തിയെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്.

സി-ഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതാണ് സ്വകാര്യ കമ്പനിയെന്നും ഇതിലേക്ക് സി-ഡിറ്റിലുണ്ടായിരുന്ന പല സൈറ്റുകൾ സംബന്ധിച്ച ജോലികൾ വഴിവിട്ട് മാറ്റുന്നത് പതിവാണെന്നും ആരോപണമുയരുന്നു. പ്രധാന വിവരങ്ങളടങ്ങിയ രണ്ട് സൈറ്റുകൾക്ക് പുറമേ കെ.എസ്.ആർ.ടി.സി ഓൺലൈൻ റിസർവേഷൻ, കേരള ടാക്സി ഓൺലൈൻ എന്നീ സൈറ്റുകളും സ്വകാര്യ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇതിനിടെ പ്രധാന വിവരങ്ങളടങ്ങിയ സി.എം.ഡി.ആർ.എഫും സി.എം.ഒ പോർട്ടലും കൈമാറിയത് സംബന്ധിച്ച് ഇന്നലെ ഹസൻ മരയ്ക്കാർ ഹാളിൽ ചേർന്ന സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള സി-ഡിറ്റിലെ എംപ്ലോയീസ് അസോസിയേഷനായ സി.ഇ.എ യോഗത്തിൽ കടുത്ത വിമർശനമാണ് ഉയർന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം പങ്കെടുത്ത യോഗത്തിലാണ് വിമർശനമുയർന്നത്. തീരുമാനത്തിലെ പാകപ്പിഴ മനസിലായതോടെ ഈ ഉത്തരവ് പുറത്തുവിടാതെ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട തീരുമാനമാണിതെന്നും ഇത് തിരുത്തി സൈറ്റുകളുടെ പ്രവർത്തന നിർവഹണങ്ങൾ തിരികെ സി-ഡിറ്റിന് നൽകാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ തീരുമാനമായെന്നുമാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ആരാണ് ഓസ്പിൻ ടെക്‌നോളോജീസ്

2009-ൽ പ്രസാദ് വർഗീസ് കിഷോർ കുമാർ എന്നിവർ ചേർന്ന് രൂപം കൊടുത്ത കമ്പനിയാണ് ഓസ്പിൻ ടെക്‌നോളോജീസ്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയും പ്രസാദ് വർഗീസാണ്. വിവിധ മേഖലകളിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയാണിത്. സി-ഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥനുമായി കമ്പനിക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. ടെക്‌നോപാർക്കിലെ തേജസ്വനിയെന്ന കെട്ടിടത്തിലാണ് ഓസ്പിൻ ടെക്‌നോളോജീസിന്‍റെ പ്രവർത്തനം. വിവിധ മൊബൈൽ, വെബ്‌സൈറ്റ് ആപ്പുകൾ പണമിടപാട് ആപ്പുകൾ എന്നിവ നിർമിക്കുന്ന താണ് ഇവരുടെ പ്രധാന ജോലി. സ്ഥാപനങ്ങളുടെ രേഖകൾ അടക്കമുള്ള ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റി സൂക്ഷിക്കുന്നതടക്കം വിവിധ ജോലികളാണ് ഇവർ നിർവഹിക്കുന്നത്. ഇത്തരമൊരു സ്ഥാപനത്തിന് വ്യക്തി വിവരങ്ങളടങ്ങിയ സർക്കാർ ഡേറ്റാബേസ് വിട്ടു നൽകിയത് ഏതു മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.