കൊച്ചിയില്‍ കടയില്‍ കയറി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പ് പൂർത്തിയായി

Jaihind Webdesk
Friday, May 17, 2024

 

കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊന്ന കേസിലെ തെളിവെടുപ്പ് പൂർത്തിയായി
തോപ്പുംപടിയിലെ അലന്‍റെ വീട്ടിലും കൊലപാതകം നടന്ന കടയിലുമാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ്‌ സ്റ്റാൻലി എന്ന യുവാവ് കുത്തേറ്റു മരിച്ചത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. രാവിലെ പത്തരയ്ക്ക് ആരംഭിച്ച തെളിവെടുപ്പ് രണ്ട് മണിക്കൂറോളം നീണ്ടു. തെളിവെടുപ്പിന് പ്രതിയെ എത്തിച്ചപ്പോൾ വൻ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചു കൂടിയിരുന്നു. പ്രതിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

പിന്നിൽ കത്തി വച്ചുകൊണ്ട് കടയിൽ എത്തിയ അലൻ കസേരയിലിരിക്കുകയായിരുന്ന ബിനോയിയോട് സംസാരിച്ചുനിന്നതിന് പിന്നാലെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് ബിനോയിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 28 തവണയാണ് ബിനോയിക്ക് കുത്തേറ്റത്.കടയിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണു പ്രതിയെത്തിയത്. പുറത്തു നല്ല മഴയായിരുന്നതിനാൽ സംഭവം ആരും അറിഞ്ഞില്ല. രക്തം വാർന്നൊഴുകുന്നത് കണ്ട കാൽനടയാത്രക്കാരനായിരുന്നു പോലീസിനെ വിവരമറിച്ചത്. മുൻ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറയുന്നു.

ലഹരിക്ക് അടിമയായ പ്രതിയെ അതിൽ നിന്നു മോചിപ്പിക്കുന്നതിനായി കൊല്ലപ്പെട്ട ബിനോയിയുടെ ഭാര്യയാണ് കൗൺസിലിംഗ് നല്‍കിയിരുന്നത്. ഇതാണു വൈരാഗ്യത്തിനു കാരണമായത്. സൈക്യാട്രിസ്റ്റിന്‍റെ അടുക്കൽ കൊണ്ടു പോയതോടെ ഭ്രാന്തനെ പോലെയാണു തന്നെ ആളുകൾ കാണുന്നതെന്നും ജോലിക്കു പോകാൻ പോലും കഴിയുന്നില്ലെന്നും അലൻ ബിനോയിയോടു പറയുന്നതു സിസി ടിവി ദൃശ്യത്തിലുണ്ട്. ബിനോയിയെ കൊലപ്പെടുത്താൻ പ്രത്യേകം കത്തി വാങ്ങി തക്കം പാർത്തു നടക്കുകയായിരുന്നു അലൻ. തന്നെ കൊലപ്പെടുത്തുമെന്ന് അലൻ പറഞ്ഞിട്ടുള്ള കാര്യം ബിനോയി അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. കൃത്യം നടത്തിയതിനുശേഷം ഒളിവിൽ പോയ പ്രതിയ അത്തിപ്പൊഴിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.