ഉത്തർ പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് (82) അന്തരിച്ചു

Jaihind Webdesk
Monday, October 10, 2022

 

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.  ആരോഗ്യനില വഷളായതിനെ തുടർന്നു കഴിഞ്ഞ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ഉത്തര്‍ പ്രദേശിലെ മെയ്ന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢിൽ നിന്നും സംഭാലിൽ നിന്നും പാർലമെന്‍റിലെത്തിയിട്ടുണ്ട്. മുലായം സിംഗിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചിച്ചു.

യുപിയിലെ ഇറ്റാവ ജില്ലയിലുള്ള സായ്ഫെയ് ഗ്രാമത്തിൽ സുഘർ സിംഗ് യാദവിന്‍റെയും മൂർത്തി ദേവിയുടെയും മകനായി 1939 നവംബർ 22നാണ് മുലായം ജനിച്ചത്. റാം മനോഹർ ലോഹ്യയുടെയും രാജ് നാരായണിന്‍റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവിൽക്കിടന്നു. 1977ൽ ആദ്യമായി മന്ത്രിയായി. യുപി മുൻ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് മകനാണ്. മൽതി ദേവിയും സാധന ഗുപ്തയുമായിരുന്നു ഭാര്യമാർ.