മംഗളുരു : മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് എംപി (80) അന്തരിച്ചു. വ്യായാമം ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ട് യുപിഎ മന്ത്രിസഭകളിലും ഓസ്കാര്‍ ഫെർണാണ്ടസ് അംഗമായിരുന്നു. ഗതാഗതം, യുവജനക്ഷേമം, കായികം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1980ല്‍ ഉഡുപ്പി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 84, 89,91, 96 തെരഞ്ഞടുപ്പുകളില്‍ ഇവിടെ നിന്ന് തുടര്‍ച്ചയായി വിജയിച്ചു. ദീര്‍ഘകാലം എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.
കഴിഞ്ഞ ജൂലൈ 20 നാണ് വ്യായാമത്തിനിടെ വീണ് പരിക്കേറ്റത്. തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹത്തെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വീഴ്ചയ്ക്ക് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ലെങ്കിലും വൈകിട്ട് പതിവ് വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിൽ ആകുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ആരോഗ്യ നില കൂടുതൽ വഷളായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.