തലസ്ഥാനത്തെ സ്വർണവേട്ടക്കേസില്‍ വഴിത്തിരിവ്; മുൻ പിആർഒ സരിത് കസ്റ്റഡിയിൽ

Jaihind News Bureau
Monday, July 6, 2020

തിരുവനന്തപുരം വിമാനത്താവളത്തിലെ 30 കിലോ സ്വർണ്ണ വേട്ടയിൽ വഴിത്തിരിവ്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

ദുബായിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണം അടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദ്ദം ചെലുത്തിയതായും കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യുഎഇ കോൺസുലേറ്റ് നിഷേധിച്ചു. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. കോൺസുലേറ്റിന്‍റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബൈയിലക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്. ഈ കാര്യങ്ങൾക്ക് ചുമതല നൽകിയിരുന്നത് കോൺസുലേറ്റ് മുൻ പിആര്‍ഒ സരിത്തിനെയാണ്.

ഈ സാഹചര്യത്തിലാണ് പിആർഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിന് മാത്രമാണ്. സ്ഥിതി ഇതായിരിക്കെ സ്വർണ്ണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുളളത്.

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്‍റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്‍റെ അന്വേഷണം. ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ സമ്മർദ്ദം ചെലുത്തിയതും വിവാദമായിരുന്നു.