വടക്കഞ്ചേരി മുൻ എംഎൽഎ വി ബലറാം തൃശൂരിൽ അന്തരിച്ചു

Jaihind News Bureau
Saturday, January 18, 2020

കെ.പി.സി.സി ജനറൽ സെക്രട്ടറിയും വടക്കഞ്ചേരി മുൻ എംഎൽഎ വി ബലറാം തൃശൂരിൽ അന്തരിച്ചു. 73 വയസ്സായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.   ഭൗതിക ദേഹം തൃശൂർ ഡിസിസിയിലും പൂങ്കുന്നത്തെ വസതിയിലും പൊതുദർശനത്തിന് വെക്കും.

കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി, എഐസിസി മെമ്പർ എന്നീ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം രണ്ട് തവണ തൃശൂരിലെ വടക്കഞ്ചേരിയെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലും എത്തി. കൊച്ചിന്‍ അഗ്രിക്കള്‍ച്ചറല്‍ ബാങ്ക് പ്രസിഡന്‍റ്, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാന്‍, എന്നീ നിലകളിലും 2001 മുതല്‍ 2004 വരെ സബോർഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ഡോ. കാഞ്ചനമാലയാണ് ഭാര്യ. തൃശൂർ അശ്വിനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് ഡി.സി.സി ഓഫീസിലേയ്ക്ക് കൊണ്ടുപോകും. 3.30വരെ അവിടെ പൊതുദർശനത്തിന് വെക്കും. തുടർന്ന് പൂങ്കുന്നത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. അമേരിക്കയിലും കോയമ്പത്തൂരിലുമുള്ള മക്കൾ എത്തിയശേഷം സംസ്‌കാരസമയം തീരുമാനിക്കും.