വി.കെ. ഇബ്രാഹിം കുഞ്ഞിന് കേരളം ഇന്ന് വിട നല്‍കും; സംസ്‌കാരം ആലങ്ങാട് ജുമാ മസ്ജിദില്‍

Jaihind News Bureau
Wednesday, January 7, 2026

 

മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് കേരളം ഇന്ന് വിടചൊല്ലും. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 10.30-ന് ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. രാവിലെ 10 മണി വരെ അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

വികസന പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി ഭരണതലങ്ങളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഇബ്രാഹിം കുഞ്ഞ്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (CIAL) ഡയറക്ടര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (CUSAT) സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഗോശ്രീ ഐലന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (GIDA), ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (GCDA) എന്നിവയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിലും അദ്ദേഹം അംഗമായിരുന്നു.

ഇന്നലെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി പി. രാജീവ്, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ ഇന്നലെ തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നേതാക്കള്‍ ഇന്ന് രാവിലെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. മുസ്ലിം ലീഗിനും യുഡിഎഫിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.