മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു

 

മലപ്പുറം: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്നു.

1953-ൽ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്‍റായാണ് നേതൃതലത്തിലേക്ക് ഉയർന്നത്. മുസ്‌ലിം ലീ​ഗിന്‍റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്‍റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്.

1992-ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996-ലും 2001-ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭയിലേക്കെത്തിയത്. മുസ്‌ലിം ലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്‍റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്‍റ്, തിരൂര്‍ എംഎസ്എം പോളിടെക്നിക് ഗവേര്‍ണിംഗ് ബോഡി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Comments (0)
Add Comment