CPM branch secretary arrested| കുട്ടികളെ നീലച്ചിത്രം കാട്ടി ലൈംഗികാതിക്രമം നടത്തി; മലപ്പുറം പള്ളിക്കുന്ന് സി പി എം ബ്രാഞ്ച് മുന്‍ സെക്രട്ടറി അബ്ബാസ് അറസ്റ്റില്‍

Jaihind News Bureau
Monday, August 25, 2025

പതിമൂന്നു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മലപ്പുറം പള്ളിക്കുന്ന് സി പി എം ബ്രാഞ്ച് മുന്‍ സെക്രട്ടറിയും ഡിവൈഎഫ്‌ഐ കരുളായി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ പള്ളിക്കുന്ന് പൊറ്റമ്മല്‍ അബ്ബാസ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് നാല്പതു വയസ്സുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 13 വയസ്സുകാരനെയും ആറാം ക്ലാസില്‍ പഠിക്കുന്ന സുഹൃത്തിനെയും പ്രതി അശ്ലീല വീഡിയോ കാണിക്കുകയും പണം നല്‍കാമെന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്നാണു പരാതി. കുട്ടികളിലൊരാളുടെ ബന്ധുവിനോട് പ്രതി ഫോണില്‍ മാപ്പ് പറയുന്ന ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്ന് കുട്ടികളിലൊരാളുടെ ബന്ധുക്കള്‍ പരാതിയില്‍നിന്ന് പിന്മാറിയെങ്കിലും 13കാരന്റെ രക്ഷിതാക്കള്‍ ഉറച്ചുനിന്നു. ഒളിവില്‍ പോയിരുന്ന പ്രതിയെ പാര്‍ട്ടി സംരക്ഷിച്ചുവെന്നാരോപിച്ച് സിപിഎമ്മിനകത്ത് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ പ്രതി അബ്ബാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.