ബെംഗളുരൂ: ബിജെപി വിട്ട കര്‍ണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസില്‍. ബെഗളൂരു കെപിസിസി ഓഫീസിലെത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കെസി വേണുഗോപാല്‍ എംപി പതാക കൈമാറി. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിൽ ചേർന്നതായി പ്രഖ്യാപിച്ചത്. ഷെട്ടര്‍ ഉപാധികളൊന്നും വെച്ചിട്ടില്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ ഷെട്ടാർ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് വിവരം. ആറു തവണ ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എ ആയിട്ടുള്ള ഷെട്ടാർ മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന അധ്യക്ഷൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.