ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെ.എം.എം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ തലമുതിര്‍ന്ന നേതാവും ‘ഗുരുജി’ എന്ന് അനുയായികള്‍ ആദരവോടെ വിളിച്ചിരുന്ന വ്യക്തിയുമാണ് ഷിബു സോറന്‍. മകനും മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് പിതാവിന്റെ മരണവിവരം എക്‌സിലൂടെ അറിയിച്ചത്. ‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനാണ്’ എന്നായിരുന്നു ഹേമന്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.
നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഝാര്‍ഖണ്ഡിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ നേതാവാണ് ഷിബു സോറന്‍. മൂന്നു തവണ ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. എട്ട് തവണ ലോക്സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മന്‍മോഹന്‍ സിങ്
്‌സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന എ.കെ. റോയി, കുര്‍മി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോ എന്നിവരുമായി ചേര്‍ന്ന് 1972-ലാണ് അദ്ദേഹം ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് രൂപം നല്‍കിയത്. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിച്ചിരുന്നത് അദ്ദേഹമാണ്.
സന്താല്‍ സമുദായത്തില്‍പ്പെട്ട അദ്ദേഹം 1944-ല്‍ ഇന്നത്തെ ഝാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് ജനിച്ചത്. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. സോറന്റെ വിയോഗത്തില്‍ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.